കൊച്ചി : താനില്ലാത്ത സമയത്ത് പോലീസ് വീട് കുത്തിത്തുറന്ന് പരിശോധിച്ചുവെന്ന് ആരോപിച്ച് പരാതിയുമായി അന്തരിച്ച സിപിഎം സഹയാത്രികൻ സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന. ഞാറയ്ക്കൽ പോലീസിനെതിരെ . കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കാണ് സീന പരാതി നൽകിയത്. പരിശോധനയ്ക്ക്് പിന്നാലെ പത്ത് പവൻ സ്വർണം കാണാതെ പോയെന്നും ഇവരുടെ പരാതിയിൽ പറയുന്നു. എന്നാൽ കത്തിക്കുത്ത് കേസിലെ പ്രതി ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയതെന്നാണ് പോലീസിന്റെ വാദം.
മക്കളുടെ പഠന ആവശ്യങ്ങൾക്കായി സീനാ ഭാസ്കർ ഇപ്പോൾ ഡൽഹിയിലാണ് താമസം. നാട്ടിലെ വീട് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. ഈ വീട്ടിലെത്തിയാണ് പോലീസ് അതിക്രമം നടത്തിയത് എന്നാണ് പരാതിയിലെ ആരോപണം. കത്തിക്കുത്ത് കേസിലെ പ്രതി വീടിനകത്ത് ഒളിച്ചിരിപ്പുണ്ടെന്ന് പറഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത്. തുടർന്ന് വീടിന്റെ വാതിൽ കുത്തിത്തുറന്നു. വീട്ടിൽ വെച്ചിരുന്ന പത്ത് പവൻ സ്വർണവും സൈമൺ ബ്രിട്ടോയുടെ പല പുരസ്കാരങ്ങളും ഇപ്പോൾ കാണാനില്ലെന്നും ഇവർ പരാതിപ്പെട്ടിട്ടുണ്ട്.
സംഭവത്തിൽ ഞാറയ്ക്കൽ പോലീസ് നൽകുന്ന വിശദീകരണം ഇങ്ങനെയാണ്. ഗുണ്ടാ സംഘത്തിലെ അംഗമായ ലിബിൻ ജോസഫ് എന്നയാളെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ടായിരുന്നു. ആംസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലിബിൻ ജോസഫ് ഈ വീട്ടിൽ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുലർച്ചെ വീട്ടിലെത്തി പരിശോധന നടത്തിയത് എന്ന് പോലീസ് പറഞ്ഞു.
വീട്ടിലെ വാടകക്കാരനൊപ്പമാണ് ലിബിൻ താമസിച്ചത് എന്നായിരുന്നു വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത് എന്നും സൈമൺ ബ്രിട്ടോയുടെ വീടാണിതെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നു എന്നും പോലീസ് പറഞ്ഞു. പ്രതി രക്ഷപ്പെടാതിരിക്കാൻ വേണ്ടിയാണ് വാതിൽ കുത്തിപ്പൊളിച്ച് വീടിനകത്ത് കയറിയത് എന്നും വാതിൽ ഉൾപ്പെടെ ശരിയാക്കാൻ അന്ന് തന്നെ നടപടിയെടുത്തുവെന്നും പോലീസ് വ്യക്തമാക്കി. ലിബിൻ ജോസഫിന്റെ വാഹനമടക്കം പ്രദേശത്ത് നിന്നും കസ്റ്റഡിയിൽ എടുത്തതായും പോലീസ് അറിയിച്ചിട്ടുണ്ട്.
Comments