ഐസിസിയുടെ പുതിയ റാങ്കിങിൽ ടി 20യിലെ ഒന്നാം സ്ഥാനക്കാരനായി ഉയർന്ന് ഇന്ത്യയുടെ സൂര്യകുമാർ യാദവ്. പാകിസ്താന്റെ മുഹമദ് റിസ്വാനെ രണ്ടാം സ്ഥാനത്തേക്ക് പിന്തളളിയാണ് യാദവ് ഒന്നാമനായത്. സൂര്യകുമാർ 863 പോയിന്റുകളുമയാണ് പട്ടികയിൽ മുകളിലെത്തിയത്. റിസ്വാൻ 842 പോയിന്റുമായി പിന്നിലുണ്ട്.
ടി 20 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ അംഗമായ യാദവ് മികച്ച ഫോമിലാണ്. ആദ്യമായാണ് റാങ്കിങിൽ ഒന്നാമതെത്തുന്നത്. 32കാരനായ സൂര്യകുമാർ യാദവ് 38 ടി 20 മത്സരങ്ങളിൽ നിന്നായി 40.65 ശരാശരിയിൽ 1479 റൺസ് നേടിയിട്ടുണ്ട്. അതിൽ 11 അർധസെഞ്ച്വറികളും ഒരു ശതകവും അടങ്ങുന്നു. 177.02 എന്ന ഉയർന്ന സ്‌ട്രൈക് റേറ്റും ബാറ്റിങിന്റെ മാറ്റ് കൂട്ടുന്നു. അന്താരാഷ്‌ട്ര ടി20യിൽ അദ്ദേഹം ഇതുവരെ 67 സിക്സറുകളും 112 ബൗണ്ടറികളും അടിച്ചിട്ടുണ്ട്.
ടി20യിൽ ഇന്ത്യക്ക് വേണ്ടി കൂടുതൽ സിക്‌സറുകൾ അടിച്ച അഞ്ചാമത്തെ താരമാണ്. രോഹിത്ശർമ്മ(182), വിരാട് കോഹ്ലി(116), കെ എൽ രാഹുൽ(94),യുവരാജ് സിംഗ്(74) എന്നിവരാണ് മുന്നിലുളളത്. 2022ൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺ നേടിയതും ഈ ബാറ്ററാണ്. 26 കളികളിൽ നിന്ന് 935 ആണ് ഈ വർഷത്തെ സമ്പാദ്യം. 183.69 ആണ് സ്‌ട്രൈക്ക് റേറ്റ്. ശരാരശരി 42.50. വിരാട് കോഹ്‌ലിയാണ് രണ്ടാമത്. 18 കളികളിൽ നിന്ന് 701 ആണ് വിരാടിന്റെ പ്രകടനം. ക്യാപ്റ്റൻ രോഹിത്ശർമ്മ 27 കളികളിൽ നിന്നായി 614 റൺസ് നേടി മൂന്നാമനായി നിൽക്കുന്നു.
Comments