ബോറടി മാറ്റാൻ നമ്മൾ എന്ത് ചെയ്യും? ചിത്രം വരക്കും ,പാട്ടുപാടും ,ട്രിപ്പ് പോകും,കുക്ക് ചെയ്യും ഉത്തരങ്ങൾ അനവധിയാണല്ലേ? ഒഴിവുസമയങ്ങൾ വിരസതില്ലാതെ ചെലവഴിക്കാൻ ചെടികൾ വളർത്തുന്നവരെ കണ്ടിട്ടില്ലേ? നമ്മുടെ വീട്ടിലേക്ക് ഒന്ന് എത്തി നോക്കിയാൽ മതി, അയൽവീട്ടിലെയും ബന്ധുവീടുകളിലേയും ഓരോ ചെടിയുടെയും ഒരു കമ്പെങ്കിലും വീട്ടിൽ വളർത്തുന്ന ഒരാളുണ്ട്.
അതെ, നമ്മുടെ അമ്മ തന്നെ.പൂന്തോട്ടം ഒരുക്കാൻ ഇഷ്ടപ്പെടുന്ന നമ്മുടെ അമ്മമാരെ പോലെയുള്ളവർ സാധാരണയായി പൂവിടുന്ന ചെടികളെ തേടി പോവുകയാണല്ലേ പതിവ് എന്നാൽ, ബോറടി മാറ്റാൻ ചെടിവളർത്തലിലേക്ക് തിരിഞ്ഞ് പിന്നീട് ലോകത്തിലെ ഏറ്റവും അപകടകാരിയായ ചെടി നട്ടുവളർത്തുന്നതിലേക്ക് എത്തിയ ഒരാളുണ്ട്.ഇവിടെയങ്ങുമല്ല അങ്ങ് യുകെയിൽ. 49 കാരനായ ഡാനിയൽ എമിലിൻ ജോൺസ് ആണ് ഈ വിചിത്രമായ വിനോദം കൈമുതലാക്കിയ ആൾ. മലേഷ്യയിലെയും ഓസ്‌ട്രേലിയിലെയും മഴക്കാടുകളിൽ മാത്രം കാണപ്പെടുന്ന ജീമ്പി എന്നറിയപ്പെടുന്ന ഒരു തരം ചെടിയാണ് അദ്ദേഹം വളർത്തുന്നത്.
പേരിൽ സൂചനയുള്ളത് പോലെ തന്നെ കുത്തുന്ന സ്വഭാവമാണ് ഈ ചെടിക്കുള്ളത്. അതായത് ഇതിന്റെ ഇലകളിലും തണ്ടുകളിലുമെല്ലാം ആയിരക്കണക്കിന് നേർത്ത മുള്ളുകളുണ്ട്. കാഴ്ചയിൽ പെട്ടെന്ന് മനസിലാകില്ലെങ്കിലും തൊട്ടാൽ കാര്യം എളുപ്പത്തിൽ മനസിലാകും. കാരണം അത്രയും ഭയാനകമാണത്ര ഇതിന്റെ വേദന. ശരീരമാകെ വൈദ്യുതി കടന്നുപോകുന്നത് പോലെ തോന്നാം. ഒരു തരിപ്പ് ആകെയും കയറാം. പൊള്ളുന്നത് പോലെയോ ആസിഡ് വീഴുന്നത് പോലെയോ എല്ലാമാണത്രേ ഇതിന്റെ വേദന അനുഭവപ്പെടുക.ആഴ്ചകൾ മുതൽ മാസങ്ങൾ വരെ വേദന നിലനിൽക്കുമെന്നാണ് അനുഭവസ്ഥർ പറയുന്നത്.
വലിയ തുക ചിലവാക്കിയാണ് ഡാനിയൽ ജീമ്പിയെ വീട്ടിലെത്തിച്ചത്. സാധാരണ ചെടികൾക്കൊപ്പമൊന്നും വെക്കാതെ മുറിയിൽ ഒരു കൂട്ടിനുള്ളിൽ തടവിലിട്ടതുപോലെയാണ് ചെടിയെ വളർത്തുന്നത്. അപകടകാരിയായതിനാൽ കൂടിന് പുറത്ത് അപകടമുണ്ട് സൂക്ഷിക്കുക എന്ന ബോർഡും തൂക്കി.
പല ചെടികളും വളർത്തി അത് പൂവിടുന്നതും കായ്‌ക്കുന്നതും കണ്ട് മടുത്താണ് ഡാനിയൽ ജീമ്പിയിലേക്ക് എത്തുന്നത്. വിരസത മാറ്റാൻ ജീമ്പിയെ പരിപാലിക്കുന്നത് നല്ലതാണെന്നാണ് ഡാനിയലിന്റെ പക്ഷം.














