കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നവംബർ പത്തിന് വീണ്ടുമാരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് 36 സാക്ഷികൾക്ക് കോടതി സമൻസ് നൽകി. അതേസമയം മഞ്ജു വാര്യർ അടക്കം നേരത്തെ വിസ്തരിച്ച പലരെയും വീണ്ടും വിസ്തരിക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനമാകും.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ പുനരാരംഭിക്കുന്നത്. അധിക കുറ്റപത്രത്തിന്മേലാണ് ഇനി വിചാരണ നടക്കുക.
39 സാക്ഷികളെ വിസ്തരിക്കണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ 36 പേർക്കാണ് കോടതി നിലവിൽ സമൻസ് അയച്ചത്. മഞ്ജു വാര്യർ, ജിൻസൻ, സാഗർ വിൻസന്റ് തുടങ്ങിയവരെ തൽക്കാലം വിസ്തരിക്കില്ല. ഇവരെ വിസ്തരിക്കണമെങ്കിൽ വീണ്ടും അപേക്ഷ സമർപ്പിക്കണമെന്നാണ് വിവരം. മുമ്പ് വിസ്തരിച്ചുവെന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി.
പ്രതിഭാഗത്തിന്റെ കൂടി വാദം കേട്ടായിരിക്കും മഞ്ജു അടക്കമുള്ളവരെ വീണ്ടും വിസ്തരിക്കുന്നതിൽ അന്തിമ തീരുമാനമുണ്ടാകുക. ഇപ്പോൾ സമൻസ് ലഭിച്ചവരിൽ സംവിധായകൻ ബാലചന്ദ്രകുമാറും ഹാക്കർ സായ് ശങ്കറും ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം വിചാരണ നടപടികൾ അടുത്ത വർഷം ജനുവരിയോടെ പൂർത്തീകരിക്കണമെന്നാണ് സുപ്രീം കോടതിയുടെ കർശന നിർദേശം.
Comments