തിരുവനന്തപുരം: മ്യൂസിയം ലൈംഗികാതിക്രമ കേസിലെ പ്രതി സന്തോഷിനെ ചോദ്യം ചെയ്യാനായി പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. പ്രഭാത സവാരിക്കിറങ്ങിയ വനിതാ ഡോക്ടർക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയ കുറ്റത്തിനാണ് പ്രതിയെ ചോദ്യം ചെയ്യുന്നത്. അതേസമയം 2021ൽ പേരൂർക്കട സ്വദേശിനിയായ വിദ്യാർത്ഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിലും സന്തോഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബർ 26നാണ് തിരുവനന്തപുരം മ്യൂസിയം ഭാഗത്ത് പ്രഭാത സവാരിക്കിറങ്ങിയ വനിത ഡോക്ടറെ സന്തോഷ് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചത്. തുടർന്ന് യുവതി മ്യൂസിയം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും യുവതിയുടെ മൊഴി പ്രകാരവും പ്രതിയുടെ രേഖാചിത്രം വരച്ചെടുത്തു. ഇതിനിടെയണ് കുറുവൻകോണത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ കുറ്റത്തിന് സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് നടത്തിയ തിരിച്ചറിയൽ പരേഡിൽ കുറുവൻകോണത്ത് ആക്രമണം നടത്തിയതും വനിതാ ഡോക്ടറെ അതിക്രമിച്ചതും ഒരാൾ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.
നിലവിൽ സന്തോഷിനെതിരെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വനിതാ ഡോക്ടറെ ആക്രമിക്കൽ, കുറുവൻകോണത്തെ വീട്ടിലെ ആക്രമണം, പേരൂർക്കടയിലെ ലൈംഗികാതിക്രമ കേസ് എന്നിവയാണത്. വിരലടയാള പരിശോധന അടക്കം നടത്തി മൂന്ന് കേസിലെയും പ്രതി സന്തോഷ് തന്നെയെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്. മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായ സന്തോഷ് സ്റ്റേറ്റ് കാറിലെത്തിയാണ് അതിക്രമങ്ങൾ നടത്തിയിരുന്നത്. ഇത് വിവാദമായതോടെ മന്ത്രിയുടെ ഓഫീസ് സന്തോഷിനെ പുറത്താക്കിയിരുന്നു.
Comments