തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയെ കസ്റ്റഡിയിൽ എടുക്കാൻ പോലീസ് ഇന്ന് അപേക്ഷ നൽകും. നെയ്യാറ്റിൻകര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുക. കേസിലെ മറ്റ് പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ആത്മഹത്യയ്‌ക്ക് ശ്രമിച്ച ഗ്രീഷ്മയെ ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് ഇന്നലെ രാത്രി ജയിലിലേക്ക് മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗ്രീഷ്മയ്‌ക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകുന്നത്. ഗ്രീഷ്മയുമായുള്ള തെളിവെടുപ്പിന് ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. ഇത് പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് കസ്റ്റഡിയിൽ എടുക്കുന്നത്. ഗ്രീഷ്മയെ എത്തിച്ച് വീടിനുള്ളിൽ തെളിവെടുക്കും. നേരത്തെ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഷാരോണിന് കലർത്തി നൽകിയ വിഷത്തിന്റെ കുപ്പി തെളിവെടുപ്പിൽ പോലീസ് കണ്ടെത്തിയിരുന്നു. സിന്ധുവിനെയും നിർമ്മൽ കുമാറിനെയും കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം വീണ്ടും അപേക്ഷ നൽകിയിട്ടുണ്ട്.
അതേസമയം കേസ് അന്വേഷണം തമിഴ്‌നാട് പോലീസിന് കൈമാറണമെന്ന നിയമോപദേശം റൂറൽ എസ്പി ഡിജിപിയ്‌ക്ക് ഇന്ന് കൈമാറും. ഉന്നത ഉദ്യോഗസ്ഥരും നിയമവിദഗ്ധരുമായുള്ള കൂടിയാലോചനയ്‌ക്കും ശേഷം കേസ് കൈമാറുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിയ്‌ക്ക് സമർപ്പിക്കും.
Comments