തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തുലാവർഷം ശക്തിപ്രാപിക്കുന്നതും ചക്രവാതച്ചുഴിയുടെ പ്രഭാവവുമാണ് മഴ കനക്കാൻ കാരണം. ഈ സാഹചര്യത്തിൽ പന്ത്രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.
കാസർകോടും കണ്ണൂരും ഒഴികെ തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. തെക്കൻ തമിഴ്നാട് തീരത്തോട് ചേർന്ന്, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴികൾ നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനം ഉള്ളതിനാൽ വരും ദിവസങ്ങളിലും മഴ തുടരും. തുലാവർഷം ശക്തിപ്രാപിക്കുന്നതും മഴയ്ക്ക് കാരണമാണ്.
ഉച്ചയ്ക്ക് ശേഷം കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. തീരദേശ മേഖലകളിലുള്ളവരും മലയോരവാസികളും പ്രത്യേക ജാഗ്രത പുലർത്തണമെന്നാണ് മുന്നറിയിപ്പ്.
Comments