തിരുവനന്തപുരം: നഗരസഭ നിയമനങ്ങൾക്കായി പാർട്ടിക്കാരുടെ പട്ടിക തേടി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യാ രാജേന്ദ്രൻ കത്ത് അയച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ബിജെപി. തിരുവനന്തപുരം കോർപ്പറേഷനിലെ അഴിമതികളും മേയർ ആര്യാ രാജേന്ദ്രന്റെ വഴിവിട്ട സഹായവും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിൽ കണ്ട് ബോധിപ്പിക്കാനൊരുങ്ങുകയാണ് ബിജെപി. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷന്‍ വി.വി.രാജേഷാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാളെ ഉച്ചയ്‌ക്ക് പന്ത്രണ്ടിന് മുപ്പത്തഞ്ച് കൗണ്‍സിലര്‍മാരും രാജഭവനിലെത്തി ഗവര്‍ണറെ കാണും.
മേയറെ പാവയാക്കി സിപിഎം നേതാക്കള്‍ വലിയ അഴിമതിയാണ് തിരുവനന്തപുരം കോർപ്പറേഷനിൽ നടത്തുന്നതെന്ന് വി.വി.രാജേഷ് ചൂണ്ടിക്കാണിച്ചു. വിവാദങ്ങൾക്ക് പിന്നാലെ കത്ത് അയച്ചിട്ടില്ലെന്നും, കത്തിനെ കുറിച്ചറിയുന്നത് മാദ്ധ്യമങ്ങളിലൂടെ ആണെന്നുമാണ് ആര്യാ രാജേന്ദ്രൻ പറഞ്ഞത്. ഇതിനെ രൂക്ഷമായ ഭാഷയിലാണ് ബിജെപി വിമർശിച്ചത്. മേയർ തയ്യാറാക്കി കൊടുത്ത കത്താണെങ്കിൽ മേയർക്ക് പറ്റിയ വീഴ്‌ച്ചയായി കണക്കാക്കാം. എന്നാൽ താൻ കത്ത് അയച്ചിട്ടില്ലെന്നാണ് മേയർ പറയുന്നത്. എങ്കിൽ, തിരുവനന്തപുരം മേയറുടെ ഓഫീസിൽ കയറി ലെറ്റർ ഹെഡ് എടുത്ത് അവരുടെ ഒപ്പ് വ്യാജമായി സൃഷ്ടിച്ച് ഒരു കത്ത് തയ്യാറാക്കി പ്രചരിപ്പിക്കുന്ന തരത്തിൽ കോർപ്പറേഷന്റെ ഭരണം കുത്തഴിഞ്ഞുവെന്നാണ് മനസ്സിലാക്കേണ്ടതെന്ന് വി.വി.രാജേഷ് പറഞ്ഞു.
വിവാദത്തിന് പിന്നാലെ തിരുവന്തപുരം നഗരസഭയിലെ ബിജെപി കൗൺസിൽ അംഗങ്ങൾ മേയറുടെ ഓഫീസ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയറെ പുറത്താക്കണം എന്നതാണ് പ്രതിപക്ഷ കൗൺസിൽ അംഗങ്ങളുടെ ആവശ്യം. കോർപ്പറേഷൻ ഭരണസമിതി പിരിച്ചുവിടണമെന്നാണ് ബിജെപിയും കോൺഗ്രസും ആവശ്യപ്പെടുന്നത്. ശക്തമായ പ്രതിഷേധം തുടരാനാണ് ബിജെപിയുടെ നീക്കം.
Comments