തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെ വീണ്ടും കടന്നാക്രമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിന് കീഴിലുള്ള എല്ലാ ജോലികളും സിപിഎം കേഡറുകൾക്കായി മാറ്റി വെച്ചിരിക്കുകയാണെന്ന് ഗവർണർ ആരോപിച്ചു. മേയറുടെ കത്ത് വിവാദത്തിലായ സംഭവത്തിൽ ഉൾപ്പെടെ സർക്കാർ വിശദീകരണം നൽകണമെന്നും ഗവർണർ പറഞ്ഞു.
സംസ്ഥാനത്ത് ഭരണഘടന തകർച്ചയിലാണ്. മുഖ്യമന്ത്രി ആരാണെന്ന് തനിക്ക് അറിയാമെന്നും മുഖ്യനെ പേടിയില്ലെന്നും ഗവർണർ പറഞ്ഞു. കേരളത്തിലെ ജനങ്ങൾ തൊഴിലില്ലാതെ വലയുകയാണ്. അപ്പോഴാണ് സിപിഎം കേഡർമാരെ തിരഞ്ഞെടുത്ത് ജോലിക്ക് നിയമിക്കുന്നത്. താൻ അഡ്മിനിസ്ട്രേഷനിൽ ഇടപെടുന്നുവെന്നാണ് സർക്കാർ ആരോപിക്കുന്നത്. എന്നാൽ അതിനുള്ള ഒരു തെളിവ് കൊണ്ടുവന്നാൽ താൻ രാജിവെയ്ക്കാമെന്ന് ഗവർണർ പറഞ്ഞു.
സർക്കാരിലെ ചിലർ രാജ്ഭവൻ നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ്. വിമർശനമാകാം, എന്നാൽ താൻ നിയമിച്ചവർക്ക് തന്നെ വിമർശിക്കാൻ അധികാരമില്ല. സിപിഎം ധർണ്ണ നടത്തുമെന്നാണ് പറയുന്നത്. താൻ രാജ്ഭവനിൽ ഉള്ളപ്പോൾ തന്നെ അത് നടത്തട്ടെ. ധർണ്ണ നടത്തുന്നിടത്തേക്ക് താനും വരാം. ഒരു പൊതു സംവാദത്തിന് താൻ തയ്യാറാണെന്നും മുഖ്യമന്ത്രി വരട്ടെ എന്നും ഗവർണർ പറഞ്ഞു.
തനിക്ക് മുഖ്യമന്ത്രിയെ നന്നായിട്ട് അറിയാം. മുഖ്യമന്ത്രിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ തന്നോട് പറയട്ടേ എന്നാണ് ഗവർണർ പറഞ്ഞത്. താൻ എന്തെങ്കിലും നിയമം തെറ്റിച്ചെങ്കിൽ രാഷ്ട്രപതിയെ സമീപിക്കാമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
Comments