ചെന്നൈ: ഇന്ത്യൻ റെയിൽവേയുടെ അതിവേഗ പദ്ധതിയായ വന്ദേഭാരത് എക്സ്പ്രസ് ഇനി ദക്ഷിണേന്ത്യയിലും ഓടിതുടങ്ങും. ചെന്നൈ-മൈസൂരു റൂട്ടിലാണ് ഇന്ന് പരീക്ഷണ ഓട്ടം വിജയകരമായി നടന്നത്. ചെന്നൈ എംജി രാമചന്ദ്രൻ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്. വന്ദേഭാരത് പരമ്പരയിലെ അഞ്ചാമത്തെ തീവണ്ടിയാണ് ദക്ഷിണേന്ത്യയിൽ പരീക്ഷണ ഓട്ടം നടത്തിയത്. നാലാമത്തെ തീവണ്ടി ഡൽഹി-ഉനാ റൂട്ടിൽ കഴിഞ്ഞ മാസം നാലിന് ഓടി തുടങ്ങി. ഇന്ത്യൻ റെയിൽവേയാണ് ട്വിറ്ററിലൂടെ പരീക്ഷണ ഓട്ടം പങ്കുവെച്ചത്. നീലയും വെള്ളയും നിറത്തിൽ സമ്പൂർണ്ണമായും ശീതികരിച്ച ബോഗികളുള്ള വന്ദേഭാരത് തീവണ്ടികൾ മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിലാണ് ഓടുക.
നിലവിലെ ട്രാക്കുകളിൽ നിന്ന് വ്യത്യസ്തമായി കുറേക്കൂടി ബലപ്പെടുത്തിയ ട്രാക്കുകളാണ് ഉപയോഗിക്കുന്നത്. നിശ്ചിത റൂട്ടിൽ മാത്രമായിട്ടാണ് വന്ദേഭാരത് തീവണ്ടികൾ ഓടുന്നത്. ആത്മനിർഭർ ഭാരതിന്റെ ഏറ്റവും മികച്ച ഉദാഹരണമായ വന്ദേഭാരത് തീവണ്ടികളുടെ 80 ശതമാനവും ഇന്ത്യയിലാണ് നിർമ്മിച്ചിരിക്കുന്നത്. 110 കോടിയാണ് നിർമ്മാണ ചിലവ്. നാല് എസി-2 ടയർ കോച്ചുകളും ഒരു ഫസ്റ്റ് ക്ലാസ് എസി കോച്ചുമാണ് ഓരോ വന്ദേഭാരത് തീവണ്ടിയിലുമുള്ളത്.
2019 ഫെബ്രുവരി 19നാണ് ആദ്യ വന്ദേഭാരത് തീവണ്ടി ഓടി തുടങ്ങിയത്. ന്യൂഡൽഹി-കാൻപൂർ-അലഹബാദ്-വരാണസി റൂട്ടിലാണ് ആദ്യ തീവണ്ടി ഓടിയത്. 18 മാസം മാത്രം സമയമെടുത്താണ് ആദ്യ വന്ദേഭാരത് തീവണ്ടി ഇന്ത്യയിൽ നിർമ്മിച്ചത്. അതിനാൽ ട്രെയിൻ18 എന്ന വിളിപ്പേരും ഇന്ത്യൻ റെയിൽവേ വന്ദേഭാരത് എക്സ്പ്രസിന് നൽകിയിട്ടുണ്ട്. രാജ്യത്താകമാനമായി 400 വന്ദേഭാരത് തീവണ്ടികളാണ് 2022 ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ടത്.
Comments