ന്യൂഡൽഹി: വിദ്യാഭ്യാസം പ്രദാനം ചെയ്യുകയെന്നത് ലാഭം കൊയ്യാനുള്ള ഒരു കച്ചവടമല്ലെന്ന് സുപ്രീം കോടതി. സ്വകാര്യ അൺ എയ്ഡഡ് മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് കോഴ്സിന് ചുമത്തുന്ന വാർഷിക ട്യൂഷൻ ഫീസ് 24 ലക്ഷം രൂപയാക്കിയ ആന്ധ്രാപ്രദേശ് സർക്കാരിന്റെ തീരുമാനത്തിലാണ് കോടതിയുടെ നിരീക്ഷണം. ഉയർന്ന ട്യൂഷൻ ഫീസ് ഈടാക്കുന്ന സർക്കാർ നടപടി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവും സുപ്രീം കോടതി ശരിവെച്ചു.
2011ൽ നിശ്ചയിച്ച ട്യൂഷൻ ഫീസിനേക്കാൾ ഏഴിരട്ടി കൂടുതലാണ് ഇപ്പോൾ ചുമത്തുന്ന ട്യൂഷൻ ഫീസായ 24 ലക്ഷം രൂപ. 2017 മുതലാണ് ഇത്രയും അധികമായി തുക ഉയർത്തിയത്. ഒരിക്കലും നീതീകരിക്കാൻ കഴിയാത്തതാണ് സംസ്ഥാന സർക്കാരിന്റെ ഈ നയമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ എം.ആർ ഷാ, എം.എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സംസ്ഥാന സർക്കാരും ഹർജിക്കാരായ മെഡിക്കൽ കോളേജും 2.5 ലക്ഷം വീതം രൂപ പിഴയായി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. നാഷണൽ ലീഗൽ സർവീസ് അതോറിറ്റിക്കും മീഡിയേഷൻ ആൻഡ് കൺസീലിയേഷൻ പ്രോജക്ട് കമ്മിറ്റിക്കുമാണ് പിഴയടയ്‌ക്കേണ്ടത്.
ഫീസ് വർധിപ്പിച്ച 2017 മുതൽ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ അധിക തുക കണക്കാക്കി തിരികെ നൽകണമെന്ന് മെഡിക്കൽ കോളേജുകളോട് ഹൈക്കോടതി നിർദേശിരുന്നു. ഈ ഉത്തരവും സുപ്രീം കോടതി ശരിവെച്ചു. ഉയർന്ന പലിശനിരക്കുള്ള പല ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമായി വായ്പയെടുത്താണ് പല വിദ്യാർത്ഥികളും ഈ ട്യൂഷൻ ഫീസ് അടച്ചിരിക്കുന്നത്. ഇത്തരത്തിൽ വിദ്യാർത്ഥികളിൽ നിന്നും വർഷങ്ങളായി ഈടാക്കിയ തുക അവർക്ക് തന്നെ തിരിച്ചുനൽകണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അതേസമയം ചില സാഹചര്യങ്ങളിൽ നിശ്ചിത ട്യൂഷൻ ഫീസിനേക്കാൾ കൂടുതൽ തുക മെഡിക്കൽ കോളേജുകൾക്ക് ഈടാക്കാമെന്നും കോടതി അറിയിച്ചു. മെഡിക്കൽ കോളേജ് നിലകൊള്ളുന്ന സ്ഥലം, പ്രൊഫഷണൽ കോഴ്‌സിന്റെ സ്വഭാവം, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, ഇവ പരിപാലിക്കുന്നതിനായുള്ള ചിലവ്, ഇൻസ്റ്റിറ്റ്യൂഷന്റെ വളർച്ചയ്‌ക്കും വികസനത്തിനും ആവശ്യമായ തുക തുടങ്ങി നിരവധി മാനദണ്ഡങ്ങൾ പരിഗണിച്ചുകൊണ്ട് അധിക ട്യൂഷൻ ഫീസ് ഈടാക്കാം. അത് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്നതിൽ തടസമില്ലെന്ന് കോടതി വ്യക്തമാക്കി.
Comments