അമരാവതി : മരിച്ചു പോയ തന്റെ അമ്മയ്ക്കായി ക്ഷേത്രം പണിത് യുവാവ്. ആന്ധ്രപ്രദേശിലെ ശ്രീകാകുളം സ്വദേശിയായ ശ്രാവൺ കുമാറാണ് അമ്മയ്ക്കായി ക്ഷേത്രം പണിതത്. അമ്മ ദേവസ്ഥാനം എന്ന് പേരിട്ടിരിക്കുന്ന ഈ ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് 10 കോടിയോളം രൂപയാണ് അദ്ദേഹത്തിന് ചെലവായത്.
ഹൈദരാബാദിൽ ബിസിനസ്സ് നടത്തുന്ന വ്യക്തിയാണ് ശ്രാവൺ. കുറച്ച് നാളുകൾക്ക് മുൻപാണ് രോഗബാധയെ തുടർന്ന് ഇയാളുടെ അമ്മ മരിയ്ക്കുന്നത്. തുടർന്നാണ് അമ്മയുടെ ഓർമയിൽ ശ്രാവൺ ഗ്രാമത്തിൽ ക്ഷേത്രം പണിയാൻ തീരുമാനിച്ചത്. ക്ഷേത്രം തന്റെ അമ്മയുടെ മാത്രമല്ല ലോകത്തിലെ എല്ലാ അമ്മമാർക്കും സമർപ്പിക്കുന്നുവെന്ന് ശ്രാവൺ പറയുന്നു.
മാതൃ ശക്തിക്ക് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണിത്. കൃഷ്ണശിലകൊണ്ടാണ് ക്ഷേത്രം പണിയുന്നത് . ക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി താൻ ഇതുവരെ 10 കോടിയോളം രൂപ ചെലവഴിച്ചു. കൃഷ്ണശിലയിൽ നിർമ്മിച്ച ലോകത്തിലെ ഏക ഒറ്റക്കല്ല് അമ്മ ദേവസ്ഥാനം ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ഷേത്രത്തിന്റെ രൂപ രേഖ കണ്ടെത്തുന്നതിന് നിരവധി പുരാതന ഗ്രന്ഥങ്ങൾ പരിശോധിക്കുകയും ഗവേഷണങ്ങൾ നടത്തുകയും ചെയ്തു. ക്ഷേത്ര നിർമ്മാതാക്കളെ കണ്ടെത്തുന്നതിന് ധാരാളം അലഞ്ഞിരുന്നു. ഒടുവിൽ ബീഹാറിൽ നിന്നാണ് തൊഴിലാളികളെ കണ്ടെത്തിയത്. പിന്നാലെ 2019 ൽ ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചു എന്നും ശ്രാവൺ വ്യക്തമാക്കി.
ഒറ്റക്കല്ലിൽ ആറടി നീളത്തിലുള്ള പ്രതിമയാണ് ക്ഷേത്രത്തിൽ സ്ഥാപിക്കുക.രണ്ട് വർഷത്തിനുള്ളിൽ ഇത് പൂർത്തിയാകും. ക്ഷേത്രം അഞ്ച് ഗോപുരങ്ങളോടെയാണ് നിർമ്മിക്കുന്നത്. പ്രധാന ഗോപുരത്തിന് 51 അടി ഉയരമുണ്ടാകുമെന്നാണ് പ്രതീക്ഷ . ആഗമ ശാസ്ത്രം പാലിച്ചാണ് നിർമാണം നടക്കുന്നത്. ഇന്ത്യയുടെ വടക്കൻ ഭാഗങ്ങളിൽ നിന്നുള്ള ധാരാളം ശിൽപ്പികൾ നിർമ്മാണത്തിൽ പങ്ക് വഹിക്കുന്നുണ്ട്. പുരാതന സാങ്കേതിക വിദ്യകൾ നിർമ്മാണത്തിൽ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments