ന്യൂഡൽഹി: പ്രധാനമന്ത്രി ഗതി ശക്തി പദ്ധതിയുടെ പ്രയോജനം ശരിയായ തലത്തിൽ ഉൾക്കൊണ്ട്, ഉത്തർ പ്രദേശിൽ വികസനക്കുതിപ്പിനൊരുങ്ങി യോഗി സർക്കാർ. ആത്മീയ നഗരമായ വാരാണസിയിൽ, പദ്ധതിയുടെ ഭാഗമായി ഏഴ് സാമൂഹിക ജെട്ടികൾ കേന്ദ്ര തുറമുഖ വികസന വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ ഉദ്ഘാടനം ചെയ്തു. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.
പ്രധാനമന്ത്രി ഗതി ശക്തി പദ്ധതിയുടെ ഭാഗമായി ഗംഗാ നദിയിൽ നിർമ്മിക്കുന്ന എട്ട് ജെട്ടികളുടെ ശിലാസ്ഥാപന കർമ്മം സോനോവാളും യോഗിയും ചേർന്ന് നിർവഹിച്ചു. ‘ഏക ഭാരതം, ശ്രേഷ്ഠ ഭാരതം‘ എന്ന നയത്തിന്റെ ഭാഗമായി കശ്മീർ മുതൽ കന്യാകുമാരി വരെയും ലഡാക്ക് മുതൽ അരുണാചൽ പ്രദേശ് വരെയും ഒരേ ഗതിവേഗത്തിൽ വികസിക്കുകയാണെന്ന് കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ വ്യക്തമാക്കി.
ഇന്ത്യയെ അടുത്ത കാൽ നൂറ്റാണ്ടിനുള്ളിൽ സ്വയം പര്യാപ്ത രാജ്യമാക്കി മാറ്റുക എന്നതാണ് പ്രധാനമന്ത്രിയുടെ സ്വപ്നം. ഇത് സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി, രാജ്യത്തെ ജലഗതാഗത മേഖലയും റെയിൽവേയും വ്യോമഗതാഗത രംഗവും ദേശീയ പാതകളും വികസന പാതയിലാണെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.
Comments