അഗർത്തല : രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ച രോഹിങ്ക്യൻ നുഴഞ്ഞുകയറ്റക്കാർ പിടിയിൽ. ത്രിപുരയിലെ അഗർത്തലയിലാണ് സംഭവം. രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് രോഹിങ്ക്യൻ നുഴഞ്ഞുകയറ്റക്കാരെയാണ് പോലീസ് പിടികൂടിയത്.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി കടന്ന് സെപാഹിജാല ജില്ലയിലെ ജത്രാപൂർ പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള ധൻപൂർ പ്രദേശത്തേക്കാണ് ഇവർ കടന്നത്. ബദർഘട്ട് റെയിൽവേ സ്റ്റേഷനിൽ നിന്ന് അഗർത്തല റെയിൽവേ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
മുഹമ്മദ് സഫികുൽ ഇസ്ലാം (55), മുഹമ്മദ് അബ്ദുൾ കയർ (23), സെൻവാര ബീഗം (19), നൂർ കയേദ (19), എന്നിവരെയും രണ്ട് കുഞ്ഞുങ്ങളെയുമാണ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ, സംഘത്തിലെ ഭൂരിഭാഗം പേരും ബംഗ്ലാദേശിന്റെ തെക്കുകിഴക്കൻ തീരത്തുള്ള കോക്സ് ബസാറിലെ കുട്ടുപലോംഗ് രോഹിങ്ക്യൻ ക്യാമ്പിൽ നിന്നാണ് വന്നതെന്ന് വെളിപ്പെടുത്തി. നൂർ കയേദ ചിറ്റഗോംഗിൽ നിന്നാണ്.
സംഭവത്തിൽ ഇവർക്കെതിരെ കേസെടുത്തതായി അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ജനറൽ ജ്യോതിഷ്മാൻ ദാസ് ചൗധരി പറഞ്ഞു. ത്രിപുരയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് 15 രോഹിങ്ക്യൻ കുടിയേറ്റക്കാരെ കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു.
Comments