വാഷിംഗ്ടൺ: ക്രിപ്‌റ്റോ എക്‌സ്ചേഞ്ച് എഫ്ടിഎക്‌സിന്റെ സിഇഒ ആയ സാം ബാങ്ക്മാൻ ഫ്രൈഡിന്റെ ശതകോടീശ്വര പദവി നഷ്ടമായി.ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പ്രകാരം ഒരു ദിവസം കൊണ്ട് മാത്രം സാമിന്റെ 94 ശതമാനത്തോളം ആസ്തിയാണ് ഇടിഞ്ഞത്. ഒന്നിരുട്ടി വെളുത്തപ്പോഴേക്കും തന്റെ ആസ്തിയിൽ 16 ബില്യൺ ഡോളർ അതായത് ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമാണ് സാം ബാങ്ക്മാന് വന്നിരിക്കുന്നത്.
എഫ്ടിഎക്സിനെ എതിരാളികളായ ബിനാൻസ് ഏറ്റെടുക്കുന്നു എന്ന പ്രഖ്യാപനം വന്നതാണ് സാമിന് തിരിച്ചടിയായിരിക്കുന്നത്. ബിനാൻസ് സിഇഒ ചാങ്‌പെങ് സാവോ ട്വിറ്ററിലൂടെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എഫ്ടിഎക്‌സ് സഹായം അഭ്യർത്ഥിച്ചെന്നും കമ്പനിയെ പൂർണ്ണമായും ഏറ്റെടുക്കുകയാണെന്നും ആയിരുന്നു ബിനാൻസ് സിഇഒയുടെ ട്വീറ്റ്. ഇതിന് മുൻപ് മുമ്പ് 15.2 ബില്യൺ ഡോളറോളം ആയിരുന്നു സാമിന്റെ ആസ്തി. ട്വീറ്റ് വന്നതിന് ശേഷം ഒറ്റരാത്രികൊണ്ട് 14.6 ബില്യൺ ഡോളറിന്റെ ഇടിവാണ് ആസ്തിയിൽ ഉണ്ടായത്.
ഇതിന് പിന്നാലെ ക്രിപ്റ്റോ ലോകം കണ്ട ഏറ്റവും വലിയ ബാധ്യതകളുമായി ക്രിപ്റ്റോ എക്സ്ചേഞ്ച് എഫ്ടിഎക്സ് പാപ്പർ ഹർജി ഫയൽ ചെയ്തിരിക്കുകയാണ്. സാം ബാങ്ക് മാൻ എഫ്ടിഎക്‌സിന്റെ സിഇഒ പദവിയും ഒഴിഞ്ഞു. ജോൺ ജെ റെ ആണ് കമ്പനിയുടെ പുതിയ സിഇഒ.
2019ൽ ആണ് സുഹൃത്ത് ഗ്യാരി വാംഗുമായി ചേർന്ന് സാം ബാങ്ക്മാൻ എഫ്ടിഎക്‌സ് എന്ന ക്രിപ്‌റ്റോ എക്സ്ചേഞ്ച് കമ്പനി ആരംഭിച്ചത്. ക്രിപ്‌റ്റോ വിപണി തകർന്നപ്പോൾ പ്രതിസന്ധിയിലായ എക്‌സ്‌ചേഞ്ചുകളെയും സ്ഥാപനങ്ങളെയും സഹായിക്കാൻ സാം നടത്തിയ പ്രവർത്തനങ്ങൾ വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
എഫ്ടിഎക്‌സിന് കീഴിലുള്ള പ്ലാറ്റ്ഫോം അൽമേദ റിസർച്ച് തകർന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പറയുന്നത്. എഫ്എടിഎക്സിന്റെ ക്രിപ്റ്റോ ടോക്കൺ എഫ്ടിടി നിക്ഷേപകർ പിൻവലിക്കാൻ തുടങ്ങിയതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. തുടർന്നാണ് കമ്പനി ബിനാൻസിനെ സമീപിച്ചത്. അതേസമയം സെക്യൂരിറ്റീസ് നിയമങ്ങളുടെ ലംഘനത്തിന് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ നടപടി ബാങ്ക്മാന് നേരിടേണ്ടി വരും.














