ലക്നൗ: 2024-ലെ പൊതുതിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ബിജെപി ഹിന്ദുക്കളെ സുഖിപ്പിക്കുകയാണെന്ന് ലോക്‌സഭാ അംഗവും സമാജ്‌വാദി പാർട്ടി നേതാവുമായ ഷഫീഖുർ റഹ്മാൻ ബാർഖ്. ഏകീകൃത സിവിൽ കോഡ് പോലുള്ള ഭിന്നിപ്പുണ്ടാക്കുന്ന വിഷയങ്ങൾ അവർ ഉന്നയിക്കുകയാണെന്ന് ബിജെപിയെ പേരെടുത്ത് പരാമർശിക്കാതെ ഷഫീഖുർ റഹ്മാൻ ബാർഖ് പറഞ്ഞു. ബിജെപി മുസ്ലിം പള്ളികളെ ലക്ഷ്യം വെയ്‌ക്കുന്നുവെന്നും ജീവനേക്കാൾ പ്രിയപ്പെട്ട പള്ളികൾ സംരക്ഷിക്കേണ്ടതുണ്ടെന്നും സമാജ്‌വാദി പാർട്ടി നേതാവ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ബിജെപി പള്ളികളെല്ലാം ക്ഷേത്രങ്ങളാണെന്ന് പറയുന്നു. വിദ്വേഷം നിറഞ്ഞ യൂണിഫോം സിവിൽ കോഡ് പോലുള്ള പ്രശ്നങ്ങൾ ഉന്നയിക്കുന്നു. ഇതെല്ലാം 2024- ലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടാണ്. എല്ലാ ഹിന്ദുക്കളെയും തങ്ങളുടെ ഒപ്പം നിർത്താനാണ് അവരുടെ ശ്രമം. എന്നാൽ എല്ലാ ഹിന്ദുക്കളും മോശക്കാരല്ല. ശരദ് പവാർ ഹിന്ദുവല്ലേ? അഖിലേഷ് യാദവ് ഹിന്ദുവല്ലേ?. അവർ ആരും ഏകീകൃത സിവിൽ കോഡിനെ അനുകൂലിക്കുന്നില്ല. എന്നാൽ മറ്റ് പാർട്ടികളിൽ പ്രവർത്തിക്കുന്ന ഹിന്ദുക്കളെ തങ്ങളോടൊപ്പം കൂട്ടാനുള്ള വാഗ്ദാനമാണ് ഏകീകൃത സിവിൽ കോഡ് എന്ന് ഷഫീഖുർ റഹ്മാൻ ബാർഖ് പറഞ്ഞു.
ബിജെപി എല്ലാ പള്ളികളിലും ക്ഷേത്രം കാണുന്നു. മുസ്ലീങ്ങൾ അത്ര ദുർബലരല്ല. വാരണാസിയിലെ ജ്ഞാൻവാപി മസ്ജിദ്-ശൃംഗാർ ഗൗരി കേസും മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി മസ്ജിദ് കേസും ഇതിന് ഉദാഹരണമാണ്. ഇത് നമ്മുടെ പള്ളിയാണ്, അത് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമ്മുടെ സമൂഹത്തിന്റേതാണ്. പള്ളി സംരക്ഷിക്കേണ്ടത് നമ്മുടെ ജീവനേക്കാൾ പ്രിയപ്പെട്ടതാണ്, അത് സംരക്ഷിക്കപ്പെടണം. പള്ളികൾ സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ മരണശേഷം നമുക്ക് അല്ലാഹുവിനോട് ഉത്തരം പറയേണ്ടി വരും എന്നും ഷഫീഖുർ റഹ്മാൻ ബാർഖ് പറഞ്ഞു.
Comments