ന്യൂഡൽഹി: കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ഫ്രാൻസിലേക്ക് തിരിച്ചു. നാല് ദിവസത്തെ സന്ദർശനത്തിനായിട്ടാണ് അദ്ദേഹം യാത്ര തിരിച്ചത്. ഫ്രഞ്ച് സൈനിക ഉന്നതരുമായി അദ്ദേഹം കൂടിക്കാഴ്ചകൾ നടത്തും.
ഇരുരാജ്യങ്ങളും തമ്മിലുളള സൈനിക സഹകരണം വർദ്ധിപ്പിക്കുന്നതിനുളള നടപടികളാകും കൂടിക്കാഴ്ചയിൽ മുഖ്യ ചർച്ചയാകുക. ഒന്നാം ലോക മഹായുദ്ധത്തിൽ വീരമൃത്യു വരിച്ച 4742 ഇന്ത്യൻ സൈനികരുടെ സ്മരണാർത്ഥം അവരുടെ സ്മൃതി കുടീരത്തിൽ മനോജ് പാണ്ഡെ റീത്ത് സമർപ്പിക്കും.
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, ചീഫ് ഓഫ് ആർമി സ്റ്റാഫ് തുടങ്ങിയവരുമായി മനോജ് പാണ്ഡെ ചർച്ച നടത്തും. പാരീസിലെ സൈനിക പരിശീലന കേന്ദ്രങ്ങളും അദ്ദേഹം സന്ദർശിച്ച് വിലയിരുത്തും. മുതിർന്ന സൈനികരുമായും ഇവിടെ ആശയവിനിമയം നടത്തും.
നവംബറിൽ ഫ്രഞ്ച് എയർ ആൻഡ് സ്‌പെയ്‌സ് ഫോഴ്‌സ് മേധാവി ജനറൽ സ്റ്റീഫൻ മില്ലെയുമായി ജനറൽ മനോജ് പാണ്ഡെ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിരോധ രംഗത്ത് ഇരുരാജ്യങ്ങൾക്കും സാദ്ധ്യമായ സഹകരണത്തെക്കുറിച്ചായിരുന്നു ചർച്ച. ഇതിന്റെ തുടർ ചർച്ചകളും സംയുക്ത സൈനിക അഭ്യാസ പരിപാടികളുടെ തുടർച്ചയും കൂടിക്കാഴ്ചകളിൽ വിഷയമാകും.
Comments