തിരുവനന്തപുരം: കുഴിവെട്ടിയതൊന്നും അദ്ധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന ഹൈക്കോടതിയുടെ വിമർശനത്തിന് മറുപടിയുമായി പ്രിയാ വർഗീസ്. നാഷണൽ സർവീസ് സ്കീമിന് വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രമാണെന്ന് പ്രിയാ വർഗീസ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രിയയുടെ പ്രതികരണം. എന്നാൽ മിനിട്ടുകൾക്കുള്ളിൽ പ്രിയാ വർഗീസ് തന്റെ എഫ്ബി പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. ഹൈക്കോടതി പരാമർശത്തിന് നൽകിയ മറുപടി അനൗചിതമാണെന്ന് കരുതിയാകാം എഫ്ബി പോസ്റ്റ് പിൻവലിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.
കണ്ണൂർ സർവകലാശാല അസോസിയേറ്റഡ് പ്രൊഫസർ നിയമനത്തിനെതിരായ ഹർജി പരിഗണിക്കവെ പ്രിയാ വർഗീസിനെ കടുത്ത ഭാഷയിൽ ഹൈക്കോടതി വിമർശിച്ചിരുന്നു. അദ്ധ്യാപന പരിചയം എന്നാൽ അത് അദ്ധ്യാപനം തന്നെയാകണമെന്നായിരുന്നു കോടതി പറഞ്ഞത്.
എൻഎസ്എസ് കോർഡിനേറ്റർ പദവി അദ്ധ്യാപന പരിചയത്തിന്റെ ഭാഗമാകില്ല. നാഷണൽ സർവീസ് സ്കീമിൽ എവിടെയാണ് അദ്ധ്യാപന ജോലി ഉള്ളത്? എൻഎസ്എസിന് പോയി കുഴിവെട്ടിയതൊന്നും അദ്ധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്നും അദ്ധ്യാപനമെന്നാൽ ഗൗരവമുള്ള ജോലിയാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. സ്റ്റുഡന്റ് സർവീസസ് ഡയറക്ടർ പദവി സംബന്ധിച്ച പ്രിയാ വർഗിസിന്റെ വാദത്തിലായിരുന്നു കോടതിയുടെ പരിഹാസം.
Comments