ടെഹ്റാൻ: ഇറാന്റെ തെക്കുപടിഞ്ഞാറൻ ഖുസെസ്ഥാൻ പ്രവിശ്യയിൽ ഭീകരരുടെ വെടിവെയ്പ്പ്. പ്രതിഷേധക്കാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും നേരെയാണ് ഭീകരർ വെടിയുതിർത്തത്. വെടിവെയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. പത്തിലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇസെഹ് നഗരത്തിലെ മാർക്കറ്റ് പ്രദേശത്താണ് ആക്രമണം ഉണ്ടായത്.
കൊല്ലപ്പെട്ടവരിൽ ഇറാന്റെ വോളന്റിയർ ബാസിജ് മിലിഷ്യയിലെ രണ്ട് അംഗങ്ങളും ഉൾപ്പെടുന്നതായാണ് പ്രാഥമിക വിവരം. കാറിലെത്തിയ രണ്ട് തോക്കുധാരികളാണ് സുരക്ഷാ സേനയ്ക്കും പ്രതിഷേധക്കാർക്കും നേരെ വെടിയുതിർത്തത്. വെടിവെയ്പ്പിന്റെ ഉത്തരവാദിത്വം നിലവിൽ ആരും ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ ഒക്ടോബർ 26-ന് ഷിറാസിലെ ഷാ ചെറാഗ് ശവകുടീരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങൾ കത്തിപ്പടരുന്നതിനിടയിലാണ് ആക്രമണം. ഇറാനിലെ സ്ത്രീകൾക്കുള്ള വസ്ത്രധാരണ രീതി ലംഘിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്ത 22-കാരിയായ ഇറാൻ യുവതി മഹ്സ അമീനി പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പ്രക്ഷോഭമാരംഭിച്ചത്. സമരങ്ങളിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്.
Comments