ദോഹ: ലോക ഫുട്‌ബോൾ മാമാങ്കം കാണാൻ ഖത്തറിലെത്തുന്ന വനിതാ ഫുട്‌ബോൾ ആരാധകർക്ക് മുന്നറിയിപ്പുമായി ഫിഫ. വനിതാ ആരാധകർ വസ്ത്ര ധാരണത്തിൽ ഉൾപ്പെടെ ഖത്തറിലെ നിയമങ്ങൾ പാലിക്കണമെന്ന് ഫിഫ നിർദ്ദേശിച്ചു. സന്ദർശകർക്കുളള നിർദ്ദേശങ്ങളിലാണ് ഫിഫ ഇക്കാര്യം വ്യക്തമാക്കുന്നത്.
എന്നാൽ വസ്ത്രധാരണത്തെക്കുറിച്ച് പ്രത്യേകിച്ച് ഒരു മാർഗനിർദ്ദേശങ്ങളും ഫിഫ പുറപ്പെടുവിച്ചിട്ടില്ല.
വനിതാ ആരാധകർക്ക് ഇഷ്ടമുളള വസ്ത്രം ധരിക്കാനുളള സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ അത് ഖത്തറിലെ നിയമങ്ങൾ ലംഘിക്കുന്ന തരത്തിലാകരുതെന്ന് ഫിഫ വെബ്‌സൈറ്റിൽ പറയുന്നു. ശരീരഭാഗങ്ങൾ പുറത്തുകാണിക്കുന്ന വസ്ത്രങ്ങൾ അരുതെന്നും മുന്നറിയിപ്പുണ്ട്. മ്യൂസിയങ്ങളും സർക്കാർ സ്ഥാപനങ്ങളും സന്ദർശിക്കുന്നവർ തോളും വയറും തുടഭാഗങ്ങളുമൊക്കെ മറയ്‌ക്കുന്ന വസ്ത്രങ്ങൾ വേണം ധരിക്കാൻ.
ഹോട്ടൽ ബീച്ചുകളിലും നീന്തൽകുളങ്ങളിലും സ്വിംസ്യൂട്ടുകൾ ധരിക്കാൻ അനുവാദം ഉണ്ട്. കളി കാണുന്ന ആരാധകർ ആവേശം മൂത്ത് ഷർട്ടും വസ്ത്രങ്ങളും ഊരി എറിയുന്നതിനും വിലക്കുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
ഖത്തറിലെ നിയമങ്ങൾ വിദേശികൾക്കായി പ്രത്യേക വസ്ത്രധാരണ രീതി ഒന്നും രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ ഷോർട്‌സുകളും മിനി സ്‌കർട്ടുകളും ടാങ്ക് ടോപ്പുകളും വനിതാ ആരാധകർ ഉപേക്ഷിക്കേണ്ടി വരുമെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ലോകരാജ്യങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകൾ വരും ദിവസങ്ങളിൽ ഖത്തറിലെത്തും. വിവിധ ലോകരാജ്യങ്ങൾ അവരുടെ എംബസികൾ വഴി ഫുട്‌ബോൾ ആരാധകർക്ക് ഡ്രസ് കോഡിൽ ഉൾപ്പെടെ നിർദ്ദേശം നൽകി തുടങ്ങിയിട്ടുണ്ട്. ഹിജാബ് പോലുളളവ ധരിക്കണമെന്ന് നിർബന്ധമില്ലെങ്കിലും പ്രാദേശിക ഡ്രസ് കോഡ് പാലിക്കണമെന്ന് ഖത്തറിലെ ബ്രിട്ടീഷ് എംബസി നിർദ്ദേശിച്ചു. ഷോർട്‌സുകളും സ്‌കർട്ടുകളും കാൽമുട്ടിന് താഴെ വരെ എത്തുന്നത് വേണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
സ്റ്റേഡിയങ്ങളിൽ ഹൈ റെസല്യൂഷൻ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഓരോ സീറ്റിലും ഇരിക്കുന്നവരെ കൃത്യമായി നിരീക്ഷിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുന്ന ആസ്‌പെയർ സോൺ ഫൗണ്ടേഷൻ ചീഫ് ടെക്‌നോളജി ഓഫീസർ നിയാസ് അബ്ദുൾ റഹ്മാൻ പറഞ്ഞു. ഈ ക്യാമറ ദൃശ്യങ്ങൾ റെക്കോഡ് ചെയ്യപ്പെടും. അതുകൊണ്ടു തന്നെ മത്സരങ്ങൾ കഴിഞ്ഞാലും നിയമ ലംഘനങ്ങൾ കണ്ടെത്താനാകുമെന്നും അദ്ദേഹം പറയുന്നു.













