പാലക്കാട്: വീട്ടുമുറ്റത്ത് വീണുണ്ടായ പരിക്ക് അജ്ഞാതൻ ആക്രമിച്ചപ്പോൾ പറ്റിയതാണെന്ന് വ്യാജ പരാതി നൽകി സിപിഎം അംഗം. മണ്ണാർക്കാട് സിപിഎം അംഗവും വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറിയുമായ പള്ളത്ത് അബ്ദുൾ അമീറാണ് വ്യാജ പരാതി നൽകിയത്. അയൽവാസിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇയാൾ തനിയെ വീണതാണെന്ന് തെളിഞ്ഞത്.
കഴിഞ്ഞ ദിവസമാണ് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് അമീർ ചികിത്സ തേടിയത്. ആദ്യം വീണ് പരിക്കേറ്റെന്നാണ് പറഞ്ഞതെങ്കിലും പിന്നീട് ഇത് തിരുത്തി. മൂന്ന് പേർ ആയുധങ്ങളുമായെത്തി മർദ്ദിച്ചതെന്നാണ് ഇയാൾ പോലീസിന് മൊഴി നൽകിയത്. രാത്രിയായിരുന്നു ആക്രമണമെന്നും അതിനാൽ അക്രമികളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും അമീർ പറഞ്ഞു. തുടർന്ന് ഇയാളുടെ വീട്ടിൽ പോലീതസ് പരിശോധനയ്ക്കെത്തി. അയൽ വീട്ടിലെ സിസിടിവി ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് അവിടെയെത്തി പരിശോധനകൾ നടത്തിയപ്പോഴാണ് അമീറിന്റെ കള്ളം പൊളിഞ്ഞത്.
രാത്രിയിൽ വാതിൽ തുറന്ന് ഇറങ്ങിയ അമീർ തനിയെ വീഴുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. മൊഴി വ്യാജമാണെന്ന് വ്യക്തമായതോടെ പോലീസ് കേസ് അവസാനിപ്പിച്ചു. പികെ ശശി വിഭാഗത്തിന് ഒപ്പം ചേർന്ന് നിൽക്കുന്ന അമീർ മറ്റു വിഭാഗത്തിലുള്ളവരെ പഴിചാരാൻ വേണ്ടിയാണ് കഥ മെനഞ്ഞതെന്നാണ് സംസാരം.
Comments