തിരുവനന്തപുരം: നിയമനക്കത്ത് വിവാദം ചര്‍ച്ചചെയ്യാന്‍ വിളിച്ച തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗം ഭരണ–പ്രതിപക്ഷ സംഘര്‍ഷത്തെ തുടര്‍ന്ന് പരിച്ചുവിട്ടു. കൗണ്‍സില്‍ യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടവര്‍ മര്യാദ കാണിക്കണമെന്നാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. അന്വേഷണം നടക്കുമ്പോഴും വ്യാജ പ്രചാരണങ്ങൾ നഗരസഭ ഭരണസമിതിക്കെതിരെ നടക്കുന്നുവെന്നാണ് മേയറുടെ വാദം. ചർച്ച നടക്കരുതെന്നാണ് ചിലരുടെ ആവശ്യം. ജനാധിപത്യ മര്യാദ പാലിക്കാതെ ആയിരുന്നു പ്രതിഷേധങ്ങളെന്നും ആര്യാ രാജേന്ദ്രൻ പറഞ്ഞു.
ഏത് അന്വേഷണത്തേയും നേരിടാൻ താൻ തയ്യാറാണ്. ജനങ്ങളെ ഭയപ്പെടുത്തുന്ന രീതിയാണ് നഗരസഭാ പരിസരത്ത് ഉണ്ടാക്കാൻ ശ്രമിക്കുന്നത്. ക്രൈംബ്രാഞ്ച് കൃത്യമായ രീതിയിൽ അന്വേഷണം നടത്തുന്നുണ്ട്. മോശം അന്വേഷണ സംഘമല്ല കേസ് അന്വേഷിക്കുന്നത്. പിന്നെ എന്തിനാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. പ്രതിപക്ഷം എന്തിനെയാണ് ഭയക്കുന്നത്. അന്വേഷണത്തിൽ യാതൊരു തരത്തിലുമുള്ള ഇഴഞ്ഞു പോക്കില്ല.
ഡി.ആർ അനിലിനെതിരായ കത്ത് വിവാദം അന്വേഷിക്കട്ടെ. പാർട്ടിയും അത് അന്വേഷിക്കും. കത്ത് പ്രചരിച്ച ഗ്രൂപ്പിൽ താനില്ല. അതിനാൽ കൂടുതൽ വിശദാംശങ്ങൾ അറിയില്ല. സത്യാവസ്ഥ ഉടൻ പുറത്തു വരുമെന്നും മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. യോഗം തുടങ്ങിയ ഉടൻതന്നെ പ്രതിപക്ഷ കൗൺസിലർമാർ മേയറുടെ ചേംബറിന് മുന്നിൽ പ്രതിഷേധവുമായി എത്തിയിരുന്നു. തുടർന്ന് ഭരണ–പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. മേയർ ഗോബാക്ക് എന്ന ബാനറും കരിങ്കൊടിയും ഉയർത്തിക്കാട്ടിയാണ് ബിജെപി–യുഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചത്.
Comments