ഗാന്ധിനഗർ: ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമാക്കാൻ പ്രധാനമന്ത്രി നടത്തിയ ഇടപെടലിനെപ്പറ്റി വിരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിദ്യാർത്ഥികളെ സുരക്ഷിതമായി എത്തിക്കാൻ യുക്രെയ്ൻ പ്രസിഡന്റിനെയും റഷ്യൻ പ്രസിഡന്റിനെയും പ്രധാനമന്ത്രി വിളിക്കുകയായിരുന്നു. സെലൻസ്കിയെയും പുടിനെയും നരേന്ദ്രമോദി ഫോൺ വിളിച്ചതോടെ ഇരു രാജ്യങ്ങളുടെയും യുദ്ധ ടാങ്കുകൾ മൂന്ന് ദിവസത്തേയ്‌ക്ക് നിശബ്ദമായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ഗുജറാത്തിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മളുടെ 35,000 വിദ്യാർത്ഥികൾ യുക്രെയ്നിൽ കുടുങ്ങി കിടന്നിരുന്നു. എല്ലാവരും ആശങ്കാകുലരായി, പ്രത്യേകിച്ച് അവരുടെ മാതാപിതാക്കൾ. അന്ന്, യുക്രെയ്ൻ പ്രസിഡന്റിനെയും റഷ്യൻ പ്രസിഡന്റിനെയും വിളിച്ച് നരേന്ദ്രമോദി പറഞ്ഞു, എന്റെ 35,000 വിദ്യാർത്ഥികൾ അവിടെയുണ്ട്. യുദ്ധം 3 ദിവസത്തേക്ക് നിങ്ങൾ നിർത്തി വെയ്‌ക്കണം. അങ്ങനെ മൂന്ന് ദിവസത്തേക്ക്, ഇരു രാജ്യങ്ങളുടെയും ടാങ്കുകൾ നിശബ്ദത പാലിച്ചു. യുക്രെയ്നിൽ നിന്ന് നമ്മുടെ വിദ്യാർത്ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ സർക്കാരിന് സാധിച്ചു. ഇത് ഇന്ത്യയ്‌ക്ക് അഭിമാനമാണ്’
‘2014-ൽ നരേന്ദ്രമോദി അധികാരത്തിൽ വരുമ്പോൾ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ലോക സമ്പദ്‌വ്യവസ്ഥയിൽ 11-ാം സ്ഥാനത്തായിരുന്നു. 8 വർഷത്തിനുള്ളിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ നരേന്ദ്രമോദി സർക്കാർ അഞ്ചാം സ്ഥാനത്തേക്ക് ഉയർത്തി. കശ്മീർ നമ്മുടേതാണോ അല്ലയോ? ആർട്ടിക്കിൾ 370 റദ്ദാക്കണമോ വേണ്ടയോ? ജവഹർലാൽ നെഹ്റു ചെയ്ത തെറ്റ് 70 വർഷമായി കോൺഗ്രസ് തുടർന്നു. രണ്ടാം തവണ പ്രധാനമന്ത്രി സ്ഥാനത്തെത്തിയപ്പോൾ 2019 ഓഗസ്റ്റ് 5-ന് നരേന്ദ്രമോദി ആർട്ടിക്കിൾ 370 റദ്ദാക്കി കൊണ്ട് ഒപ്പിട്ടു. ഞാൻ ഇതിനെക്കുറിച്ച് പാർലമെന്റിൽ പറഞ്ഞപ്പോൾ പ്രതിപക്ഷം കാക്ക കൂട്ടിൽ കല്ലെറിഞ്ഞപ്പോലെ ശബ്ദം ഉണ്ടാക്കി. രാജ്യത്തിന് വേണ്ടതൊന്നും കോൺഗ്രസ് ചെയ്തില്ല. നിങ്ങൾ വഞ്ചിതരാകരുത്, ബിജെപി വിജയിക്കുക തന്നെ വേണം’ എന്ന് അമിത് ഷാ പറഞ്ഞു.
Comments