ന്യൂഡൽഹി: രാജ്യത്ത് വിവിധയിടങ്ങളിൽ കുട്ടികളിൽ അഞ്ചാംപനി വ്യാപനം വർധിച്ച സാഹചര്യത്തിൽ അന്വേഷണത്തിനായി വിദഗ്ധ സംഘത്തെ നിയോഗിച്ച് കേന്ദ്രസർക്കാർ. ജാർഖണ്ഡിലെ റാഞ്ചി, ഗുജറാത്തിലെ അഹമ്മദാബാദ്, കേരളത്തിലെ മലപ്പുറം എന്നിവിടങ്ങളിലേക്കാണ് മൂന്നംഗ വിദഗ്ധ സംഘമെത്തുക. കേന്ദ്ര കുടുംബക്ഷേമ മന്ത്രാലയത്തിന്റേതാണ് നടപടി. സംസ്ഥാനത്തെ ആരോഗ്യവകുപ്പിന് ആവശ്യമായ നിർദേശങ്ങൾ സംഘം നൽകുന്നതാണ്. കൂടാതെ പകർച്ചവ്യാധിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയും ചെയ്യും.
കഴിഞ്ഞ ദിവസം മുംബൈയിൽ 13 പേരെയാണ് അഞ്ചാംപനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു മരണവും സംഭവിച്ചിട്ടുണ്ട്. രോഗം ബാധിച്ച 22 പേരെ ഡിസ്ചാർജ് ചെയ്തു. കൂടാതെ മേഖലയിൽ 156 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ബിഎംസി അറിയിച്ചു.
കൊറോണ മഹാമാരി ആരംഭിച്ചതിന് ശേഷം അഞ്ചാംപനിക്കെതിരായ പ്രതിരോധ കുത്തിവെപ്പ് ക്രമാതീതമായി കുറഞ്ഞിരുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളിലായി കുട്ടികളിൽ വ്യാപകമായി അഞ്ചാംപനി റിപ്പോർട്ട് ചെയ്യപ്പെടാനുള്ള കാരണമിതാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ.
ഏറ്റവും മാരകമായ പകർച്ചവ്യാധികളിൽ ഒന്നാണ് അഞ്ചാംപനി. വാക്സിനേഷൻ വഴി ഇത് പൂർണമായും തടയാനാകും. നിലവിൽ ഏഷ്യയിലെയും ആഫ്രിക്കയിലെയും വികസ്വര രാജ്യങ്ങളെയാണ് അഞ്ചാംപനി ഏറ്റവും കൂടുതൽ ബാധിക്കുന്നത്. കുട്ടികളിൽ ഇത് മരണസംഖ്യ ഉയർത്തുകയും ചെയ്യുന്നുണ്ട്.
Comments