പട്‌ന: ബിഹാറിൽ നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് രഹസ്യമായി പ്രവർത്തിപ്പിക്കുന്ന വെബ്‌സൈറ്റ് കണ്ടെത്തി. ഇസ്ലാമിക് ട്രാൻസ്ലേഷൻ സെന്റർ എന്ന പേരിൽ പ്രവർത്തിച്ചുവരികയായിരുന്ന വെബ്‌സൈറ്റാണ് പോലീസും ഇന്റലിജൻസ് വിഭാഗവും ചേർന്ന് കണ്ടെത്തിയത്. ഇത് പ്രവർത്തന രഹിതമാക്കുന്നതിനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.
നിരോധിത ഭീകര സംഘടന രഹസ്യമായി വെബ്‌സൈറ്റുകൾ പ്രവർത്തിപ്പിക്കുന്നതായി ഇന്റലിജൻസിന് സൂചനകൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിലാണ് വെബ്‌സൈറ്റ് കണ്ടെത്തിയത്. ഭീകരാക്രമണത്തിന് മുസ്ലീം യുവാക്കളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളാണ് വെബ്‌സൈറ്റിൽ ഉള്ളത്.
ഭീകരാക്രമണത്തിന് പ്രചോദനം നൽകുന്ന എഴുത്തുകൾ തയ്യാറാക്കുന്നതിനും, സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനും താത്പര്യമുള്ളവർക്ക് അതിനുള്ള അവസരം നൽകുന്നതാണ് വെബ്‌സൈറ്റ്. അന്യഭാഷങ്ങളിൽ നിന്നും ജിഹാദി സന്ദേശങ്ങൾ പ്രാദേശിക ഭാഷയിലേക്ക് തർജ്ജമ ചെയ്ത് സൈറ്റിൽ പ്രസിദ്ധീകരിക്കാം. മുസ്ലീം യുവാക്കളെ ഭീകരാക്രമണത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള പുസ്തകങ്ങളും വെബ്‌സൈറ്റിൽ നിന്നും ലഭ്യമാണ്.
വെബ്‌സൈറ്റ് കണ്ടെത്തിയതിനെ തുടർന്ന് ഇതുമായി ബന്ധപ്പെട്ടിട്ടുള്ള ആളുകളെ നിരീക്ഷിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് സ്‌പെഷ്യൽ ബ്രാഞ്ച് ഇൻസ്‌പെക്ടർ ജനറൽ നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Comments