ജയ്പൂർ: രാജസ്ഥാനിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ലൈംഗിക അതിക്രമങ്ങൾ തുടരുന്നു. ബാമർ ജില്ലയിലെ ധോരിമന്നയിൽ ആട് മേയ്ക്കാൻ പോയ ബധിരയായ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. ഇരുപത് വയസ്സുകാരിയായ പെൺകുട്ടിയെ വാഹനത്തിൽ കടത്തിക്കൊണ്ട് പോയായിരുന്നു പീഡനത്തിനിരയാക്കിയത്.
വ്യഴാഴ്ച വൈകുന്നേരം 5.00 മണിയോടെയായിരുന്നു പ്രതികൾ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്. ക്രൂരകൃത്യത്തിന് ശേഷം അക്രമികൾ പെൺകുട്ടിയെ മൃഗീയമായി മർദ്ദിച്ചു.
നേരം വൈകിയിട്ടും മകളെ കാണാതായതോടെ, വനത്തിൽ തിരച്ചിൽ നടത്താൻ പോയ അച്ഛനാണ് പെൺകുട്ടിയെ കണ്ടെത്തിയത്. വനത്തിനുള്ളിൽ ചോരയിൽ കുളിച്ച നിലയിലായിരുന്നു പെൺകുട്ടി കിടന്നിരുന്നത്. പെൺകുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വാഹനത്തിന്റെ ടയർ മാർക്കുകളിൽ നിന്നും, പ്രതികൾ ഉപയോഗിച്ചത് ബൊലേറോ ആണെന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ വിവിധ രാഷ്ട്രീയ- മഹിളാ സംഘടനകൾ പ്രതിഷേധിച്ചു. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ പീഡനങ്ങൾ വർദ്ധിച്ച് വരുമ്പോഴും പരസ്പരം ചെളിവാരിയെറിയാൻ മത്സരിക്കുകയാണ് രാജസ്ഥാനിലെ മന്ത്രിമാരെന്ന് ബിജെപി ആരോപിച്ചു.
Comments