കൊച്ചി: സാങ്കേതിക സർവ്വകലാശാലാ വിസി സ്ഥാനത്തേക്ക് സർക്കാർ ശുപാർശ ചെയ്തവർ ചുമതല നൽകാൻ അയോഗ്യരായിരുന്നുവെന്ന് ഗവർണർ ഹൈക്കോടതിയിൽ വ്യക്തമാക്കി. കെ.ടി.യു താൽക്കാലിക വിസിയായി സിസ തോമസിനെ നിയമിച്ചതിനെതിരെ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കവേയാണ് ഗവർണർ മറുപടി നൽകിയത്.
സർക്കാർ ശുപാർശ ചെയ്തവർ വിസി ചുമതല നൽകാൻ അയോഗ്യരായിരുന്നു. സുപ്രീം കോടതി വിധിയെ തുടർന്ന് ഡിജിറ്റൽ സർവകലാശാല വിസിയുടെ നിയമനവും സംശയത്തിലായിരുന്നു. ഇക്കാരണം കൊണ്ടാണ് ഡിജിറ്റൽ സർവകലാശാല വി.സിയുടെ പേര് തള്ളിയതെന്നും ഗവർണർ കോടതിയിൽ ബോധിപ്പിച്ചു.
സിസ തോമസിനെ എങ്ങനെ കണ്ടെത്തിയെന്ന് ചാൻസലറോട് കോടതി ചോദിച്ചിരുന്നു. സിസ തോമസിന്റെ പേര് ആര് നിർദേശിച്ചുവെന്നും മറ്റ് വി.സിമാർ ഇല്ലായിരുന്നോയെന്നും കോടതി ചോദിച്ചു. തുടർന്നാണ് ഗവർണർ ഇക്കാര്യം വിശദീകരിച്ചത്.
താൽക്കാലിക വിസി നിയമനത്തിന് യുജിസി ചട്ടങ്ങളോ പ്രത്യേക നടപടിക്രമങ്ങളോ ആവശ്യമില്ലെന്ന് സർക്കാർ വാദിച്ചു. പ്രോ വി.സിയെ ശുപാർശ ചെയ്യുക മാത്രമാണ് വൈസ് ചാൻസലർ ചെയ്യുന്നതെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ താൽക്കാലിക വിസിയാണെങ്കിലും സ്ഥിര വിസിയ്ക്ക് തുല്യമല്ലേയെന്ന് കോടതി ആരാഞ്ഞു. കാലയളവ് താൽക്കാലികമെന്ന വ്യത്യാസമല്ലെ ഉള്ളൂവെന്നും സർക്കാരിനോട് കോടതി ചോദിച്ചു. ഒരാൾ ഒരു ദിവസം മാത്രമേ വിസിയുടെ പോസ്റ്റിൽ ഇരിക്കുന്നുളളൂവെങ്കിൽ പോലും അയാൾ വി.സി തന്നെയെന്ന് കോടതി നിരീക്ഷിച്ചു.
വിസി എന്നത് കൂടുതൽ ഉത്തരവാദിത്തമുള്ള ജോലിയാണെന്നും വിസിയെ തെരഞ്ഞെടുക്കേണ്ടത് സൂഷ്മതയോടെ വേണമെന്നും കോടതി അഭിപ്രായപ്പെട്ടു. സെലക്ഷൻ കമ്മിറ്റിയും സെർച്ച് കമ്മിറ്റിയും ചേർന്ന് പരിശോധന നടത്തിയതിന് ശേഷം വേണം തെരഞ്ഞെടുക്കാൻ. സിസ തോമസിന്റെ യോഗ്യതയല്ല പരിഗണിക്കുന്നത് മറിച്ച്, സീനിയോറിറ്റിയാണ് പരിശോധിക്കേണ്ടതെന്നും കോടതി പറഞ്ഞു. വിദ്യാർത്ഥികൾക്കും സർവകലാശാലയ്ക്കുമാണ് പ്രാധാന്യം നൽകുന്നതെന്നും വിദ്യാർത്ഥികളെകുറിച്ചാണ് ആശങ്കയെന്നും കോടതി പറഞ്ഞു.
Comments