ന്യൂഡൽഹി : ചൈനയ്‌ക്കെതിരായ പഴയ നിലപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറച്ച് നിൽക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ജി 20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിന് പ്രധാനമന്ത്രി ഹസ്തദാനം നൽകിയിരുന്നു. എന്നാൽ ഇതിന്റെ പശ്ചാത്തലത്തിൽ ചൈനയോടുള്ള പ്രധാനമന്ത്രിയുടെ നിലപാട് മയപ്പെടുത്തിതായി ചർച്ചകളും ഉയർന്നിരുന്നു.തുടർന്നാണ് ഇക്കാര്യത്തിൽ ജയശങ്കർ വിശദീകരണം നൽകിയത്.
പ്രധാനമന്ത്രിയെ വിലയിരുത്താൻ ഇന്ത്യ ,ചൈന അതിർത്തിയിൽ അദ്ദേഹം സ്വീകരിച്ച നയങ്ങൾ മനസിലാക്കിയാൽ മതിയാകും. വാക്കുകളിൽ മാത്രമല്ല പ്രധാനമന്ത്രിയുടെ പ്രവൃത്തികളിലും അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാണെന്ന് എസ് ജയശങ്കർ പറഞ്ഞു. 2020 മുതൽ ഇരുരാജ്യങ്ങളുടെയും അതിർത്തിയിൽ വലിയ രീതിയിൽ സുരക്ഷാ സേനയെ നിലനിർത്താൻ നടത്തിയ ശ്രമങ്ങൾ മനസിലാക്കുക. അത് ഒരു ബൃഹത്തായ സംരംഭമായിരുന്നെന്നും ജയശങ്കർ പറഞ്ഞു.
ജി 20യുടെ ഭാഗമായി ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ ഒരുക്കിയ അത്താഴ വിരുന്നിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയും ഷീ ജിൻപിംഗും പങ്കെടുത്തിരുന്നു. വിരുന്നിനിടെ ഇരുവരും ഹസ്തദാനം നൽകുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഈ ചിത്രം പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതിപക്ഷ പാർട്ടികളും ഒരു വിഭാഗം മാദ്ധ്യമങ്ങളും പ്രധാനമന്ത്രി നിലപാട് മയപ്പെടുത്തിയെന്ന പ്രചാരണം അഴിച്ചുവിട്ടത്.കിഴക്കൻ ലഡാക്കിലെ സംഘർഷത്തിന് ശേഷം ഇത് രണ്ടാം തവണയാണ് ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്.
Comments