ദോഹ: 2022 ലോകകപ്പിലെ ഞെട്ടിപ്പിക്കുന്ന തോൽവിയാണ് സൗദിയോട് അർജന്റീന ആദ്യ മത്സരത്തിൽ ഏറ്റുവാങ്ങിയത്. സൂപ്പർ താരം ലയണൽ മെസിയുടെ ഒരു ഗോളിന് മറുപടിയായി രണ്ട് ഗോളുകൾ നേടിയാണ് സൗദി അവിസ്മരണീയ ജയം സ്വന്തമാക്കിയത്. രണ്ടാം മത്സരത്തിൽ മെക്‌സിക്കോയ്‌ക്കെതിരെ ഇറങ്ങുന്ന ടീമിന് പിന്തുണയുമായി മത്സരം നടക്കുന്ന ലുസൈൽ സ്റ്റേഡിയത്തിന് പുറത്ത് ആരാധക പ്രവാഹമാണ്.
അർജന്റീനിയൻ ഫുട്‌ബോൾ ആരാധകർക്കൊപ്പം മലയാളികളും ഇഷ്ടടീമിനായി ആർപ്പുവിളിച്ച് രംഗത്തുണ്ട്. വിജയത്തിൽ കുറഞ്ഞതൊന്നും അർജന്റീനയുടെയും നായകൻ മെസിയുടെയും ലോകകപ്പ് പ്രതീക്ഷകൾക്ക് ജീവൻ നൽകില്ല. അർജന്റീനിയൻ പതാക ഉയർത്തിവീശിയും ഡ്രം മുഴക്കിയും അവർ ടീമിന്റെ വിജയത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ്.

മെക്‌സിക്കോയ്‌ക്കെതിരെ നടക്കാൻ പോകുന്നതും അവശേഷിക്കുന്ന പോളണ്ടിനെതിരെയുളള മത്സരവും ഫൈനലിന് സമാനമാണെന്നും ടീം വിജയിക്കുമെന്നും ആരാധകർ ശുഭപ്രതീക്ഷയിലാണ്.
ഗ്രൂപ്പ് സിയിൽ അവസാന സ്ഥാനത്താണ് അർജന്റീന. നാല് പോയിന്റുമായി പോളണ്ട് ആണ് ഒന്നാമത്. ഇന്നത്തെ മത്സരത്തിൽ സൗദിയെ തോൽപിച്ചതോടെയാണ് പോളണ്ട് പോയിന്റ് പട്ടികയിൽ ഒന്നാമത് എത്തിയത്. അർജന്റീനയെ തകർത്ത സൗദി മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. മെക്‌സിക്കോയ്‌ക്ക് ഒരു പോയിന്റാണുളളത്.

മെക്‌സിക്കോയുമായി അർജന്റീന ആറ് തവണ നേർക്ക്‌നേർ ഏറ്റുമുട്ടിയിട്ടുണ്ട്. അഞ്ച് തവണയും ജയം അർജന്റീനയ്‌ക്കൊപ്പമായിരുന്നു. ഒരു തവണ സമനിലയും. ഈ നേട്ടത്തിന്റെ ആത്മവിശ്വാസവും മെസിക്കും കൂട്ടർക്കും കരുത്താകും.















