കൊച്ചി: കോൺഗ്രസിലെ പ്രശ്നങ്ങളിൽ ആരോടും അമർഷമില്ലെന്ന് എംപി ശശി തരൂർ. തന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും തരൂർ വ്യക്തമാക്കി. തനിക്ക് എല്ലാവരെയും കാണുന്നതിനും സംസാരിക്കുന്നതിലും ബുദ്ധിമുട്ടുകളോ തടസ്സങ്ങളോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പരസ്പരം മിണ്ടാതിരിക്കാൻ കുട്ടികളല്ലയെന്നും അദ്ദേഹം പരിഹസിച്ചു.
കെ സുധാകരനുമായി നല്ല ബന്ധം മാത്രമാണുള്ളതെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ വേളയിലാണ് തരൂർ പരാമർശം നടത്തിയത്. കൊച്ചിയിൽ നടക്കുന്ന കോൺക്ലേവിന്റെ ഉദ്ഘാടകൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരനായിരുന്നു. എന്നാൽ ഇന്നെലയാണ് അദ്ദേഹം പങ്കെടുക്കില്ലെന്ന് അറിയിച്ചത്.
ചടങ്ങിൽ മുഖ്യപ്രഭാഷകനാണ് തരൂർ. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇരുവരും ഓരേ വേദിയിലെത്തുമെന്നതായിരുന്നു കോൺക്ലേവിന്റെ പ്രസക്തി. സംസ്ഥാന കോൺഗ്രസ് നേതൃത്വം നിലവിൽ തരൂരുമായി ബന്ധപ്പെട്ട ചർച്ചകളിൽ രണ്ട് തട്ടിൽ നിൽക്കുന്ന സാഹചര്യത്തിൽ ഇരുവരും ഒരു വേദിയിൽ എത്തുമ്പോൾ കെ. സുധാകരൻ എന്ത് സമീപനം സ്വീകരിക്കുമെന്നതായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്. പരിപാടിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പങ്കെടുക്കുന്നുണ്ട്. ശശി തരൂരും സതീശനും വ്യത്യസ്ത സമയങ്ങളിലാകും പങ്കെടുക്കുന്നത്.
Comments