ബംഗളൂരു: മംഗളൂരു സ്ഫോടനത്തിന് പിന്നാലെ കർണാടകയിലെ ക്ഷേത്രങ്ങളുടെ സുരക്ഷ വർദ്ധിപ്പിച്ച് കർണാടക പോലീസ്. തീരമേഖലയിൽ സ്ഥിതിചെയ്യുന്ന പ്രധാന ക്ഷേത്രങ്ങളിലാണ് പോലീസ് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ക്ഷേത്രങ്ങൾക്ക് നേരെ വീണ്ടും ഭീകരാക്രമണ ശ്രമങ്ങൾ ഉണ്ടായേക്കാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിര നീക്കം.
മംഗളൂരു സ്ഫോടന കേസിലെ പ്രതി ഷാരിഖ് കേദ്രി മജ്ഞുനാഥ സ്വാമി ക്ഷേത്രം ലക്ഷ്യമിട്ടാണ് എത്തിയത്. ഇതിന്റെ പശ്ചാത്തലത്തിൽ മജ്ഞുനാഥ ക്ഷേത്രവും, മറ്റൊരു ക്ഷേത്രവും സുരക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് കൂടി പരിഗണിച്ച ശേഷമായിരുന്നു സുരക്ഷ വർദ്ധിപ്പിക്കാനുള്ള തീരുമാനം.
സംഭവത്തിന് പിന്നാലെ മജ്ഞുനാഥ ക്ഷേത്രത്തിൽ പോലീസ് ശക്തമായ നിരീക്ഷണം തുടരുന്നുണ്ട്. എല്ലാ ദിവസം ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രത്തിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്.
അതേസമയം മംഗളൂരു സ്ഫോടനക്കേസ് ഏറ്റെടുത്തതായുള്ള എൻഐഎയുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകും. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരം കേസ് അന്വേഷണം ഏറ്റെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻഐഎയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Comments