കൊച്ചി : വിഴിഞ്ഞം സമരത്തിൽ പോലീസ് കാഴ്ചക്കാരായി നിൽക്കുകയാണെന്ന് അദാനി ഗ്രൂപ്പ്. പോലീസിനെക്കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല. മാസങ്ങളായി വിഴിഞ്ഞത്തെ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ട് കിടക്കുകയാണ്. ഇതിലൂടെ കോടികളാണ് തങ്ങൾക്ക് നഷ്ടമെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ പറഞ്ഞു. വിഴിഞ്ഞം തുറമുഖനിർമ്മാണത്തിന് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് പരിഗണിക്കുന്നതിനിടെയാണ് അഭിഭാഷകൻ ഇക്കാര്യം അറിയിച്ചത്.
ഇവിടെ സംസ്ഥാന സർക്കാരിനും ഒന്നും ചെയ്യാനാകുന്നില്ല. ഇത്തരം ആക്രമണങ്ങൾ അരങ്ങേറുന്ന സാഹചര്യത്തിൽ സുരക്ഷയ്‌ക്കായി കേന്ദ്ര സേനയെ വിന്യസിക്കണമെന്നും അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടു.
സർക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാൻ സർക്കാർ എന്താണ് ചെയ്തത് എന്ന് കോടതി ചോദിച്ചു. സമരക്കാരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല എന്ന ചോദ്യവും ഉയർന്നു. നിങ്ങൾ എന്ത് നടപടിയാണ് എടുത്തതെന്ന് എന്നാണ് സ്റ്റേറ്റ് അറ്റോർണിയോട് കോടതി ആരാഞ്ഞത്.
വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ സാവകാശം തേടി. തുടർന്ന് ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.
ഞായറാഴ്ചയുണ്ടായ വിഴിഞ്ഞം പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ 3,000ത്തോളം പേർ ഉണ്ടായിരുന്നെന്നും 40 പോലീസുകാർക്ക് പരിക്കേറ്റുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്. ഇതിന്റെ നഷ്ടം പ്രതിഷേധക്കാരിൽ നിന്നും ഈടാക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
Comments