തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ കലാപം അഴിച്ചു വിടുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്യുന്ന സമരക്കാരെ പിന്തുണച്ച് കേരളാ കോൺഗ്രസ് എം. തുറമുഖം സമരത്തിന്റെ പേരിൽ സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ പോലും കേസെടുത്തു. ഇത് നിർഭാഗ്യകരമാണ്. സർക്കാർ സമരക്കാർക്ക് നൽകിയ ഉറപ്പുകൾ പൂർണമായും പാലിക്കപ്പെട്ടില്ല. സർക്കാർ കൈക്കൊണ്ട അഞ്ചു തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വേഗതയുണ്ടായില്ല എന്നു ജോസ് കെ മാണി പറഞ്ഞു.
എന്നാല്‍ സമരത്തിന്‍റെ മറവിൽ വിഴിഞ്ഞത്ത് കലാപമുണ്ടാക്കാനാണ് ശ്രമം നടക്കരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു. സമരത്തിന്‍റെ പേരിൽ ജനങ്ങൾക്കിടയിലെ സൗഹാർദം ഇല്ലാതാക്കുകയാണ്. ജനങ്ങൾക്കിടയിൽ അക്രമം അഴിച്ചു വിടുന്നതിന്റെ ഭാഗമായാണ് പോലീസ് സ്റ്റേഷൻ ആക്രമണം നടത്തിയത്. സ്ഥാപിത ലക്ഷ്യങ്ങളോടെയുള്ള ചില ശക്തികളുടെ ഗൂഢ ശ്രമങ്ങളാണ് വിഴിഞ്ഞത്തു നടക്കുന്നതെന്നും സിപിഎം പറഞ്ഞു.
അതേസമയം, വിഴിഞ്ഞത്ത് അക്രമികൾ അഴിഞ്ഞാട്ടം നടത്തിയതിൽ പ്രതിഷേധം അറിയിച്ച് ബിജെപി രംഗത്തു വന്നു. ആഭ്യന്തര വകുപ്പിന്റെ പൂർണ പരാജയമാണ് വ്യക്തമാകുന്നത്. മുൻകൂട്ടി കാര്യങ്ങൾ അറിഞ്ഞിട്ടും ആവശ്യമായ നടപടികൾ എടുക്കാൻ പോലീസിന് സാധിച്ചില്ല. അക്രമം തടയാൻ പോലീസ് മുതിർന്നില്ല. കേസിന്റെ തീവ്രത കുറയ്‌ക്കാനാണ് മേലധികാരികൾ ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Comments