വാഷിംഗ്ടൺ: ലോകത്തിൽ 500 ദശലക്ഷം വാട്സ്ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ചോർന്ന വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്കെത്തിയതായി വിവരം. 84 രാജ്യങ്ങളിലെ ഉപഭോക്താക്കളുടെ വിവരങ്ങളാണ് ചോർന്നത്.
ഉപയോക്താക്കളുടെ വാട്ട്സ്ആപ്പ് ഉപയോക്തൃ ഡാറ്റ അറിയപ്പെടുന്ന ഹാക്കിംഗ് കമ്മ്യൂണിറ്റി ഫോറത്തിലെ പരസ്യത്തിൽ വിൽപ്പനയ്ക്കായി പരസ്യം ചെയ്യുന്നുണ്ടെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഗവേഷണ അധിഷ്ഠിത ഓൺലൈൻ പ്രസിദ്ധീകരണമായ സൈബർ ന്യൂസാണ് അന്വേഷണം നടത്തിയത്.
ഇന്ത്യയിൽ ഏകദേശം ആറ് ദശലക്ഷം ആളുകളുടെ വിവരങ്ങളാണ് ചോർന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈജിപിറ്റിൽ 45 ദശലക്ഷം പേരുടെയും ഇറ്റലിയിൽ 35 ദശലക്ഷം ആളുകളുടെയും വിവരങ്ങൾ ചോർന്നു. അമേരിക്കയിൽ 32 ദശലക്ഷവും ഫ്രാൻസിൽ 20 ദശലക്ഷവും സൗദി അറേബ്യയിൽ 29 ദശലക്ഷവും പേരുടെ വിവരങ്ങളും ചോർന്നതായി റിപ്പോർട്ടിൽ പറയുന്നു. യുഎസിൽ നിന്നുള്ള ഉപഭോക്താവിന്റെ വിവരങ്ങൾ 7,000 ഡോളറിനും യുകെ, ജർമനി എന്നിവിടങ്ങളിലെ ഉപഭോക്താക്കളുടെ വിവരങ്ങൾ 2,500 ഡോളറിനുമാണ് വിൽക്കുന്നതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
വിവരങ്ങളുടെ സാമ്പിളുകൾ പങ്കിടാൻ നിർദേശിച്ചാണ് സൈബർന്യൂസ് അന്വേഷണം നടത്തിയതെന്ന് വ്യക്തമാക്കി.യുകെയിൽ നിന്ന് 1,097 പേരുടെ പ്രാഥമിക വിവരങ്ങളാണ് അന്വേഷണ വിധേയമായി ഇവർ ശേഖരിച്ചത്. യുഎസിൽ നിന്ന് 817 പേരുടെയും വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് നടത്തിയ പഠനങ്ങളിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്.
അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെ പ്രതികരണവുമായി വാട്സ്ആപ്പ് രംഗത്തെത്തിയിട്ടുണ്ട്. ഇത്ര വലിയ രീതിയിലുള്ള വിവര ചോർച്ച വാട്സ്ആപ്പിൽ നടന്നിട്ടില്ലെന്നാണ് കമ്പനി നൽകുന്ന വിശദീകരണം. സൈബർന്യൂസ് പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട് അടിസ്ഥാന രഹിതമാണെന്നും സ്ക്രീൻഷോട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് അന്വേഷണം നടത്തിയിരിക്കുന്നതെന്നും കമ്പനി വക്താവ് അറിയിച്ചു. വാട്സ്ആപ്പിന്റെ മാതൃ കമ്പനിയായ മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്കിൽ നിന്ന് വിവരങ്ങൾ ചോർന്നുവെന്ന് വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് വാട്സ്ആപ്പിലും ചോർച്ച സംബന്ധിച്ച റിപ്പോർട്ട്. വാട്സ്ആപ്പ് വിവരങ്ങൾ ചോർന്നത് സംബന്ധിച്ച് മെറ്റയുടെ വിശദീകരണം നിലവിൽ പുറത്തുവന്നിട്ടില്ല.
Comments