ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് പ്രഭാസ്. രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം താരത്തിന്റെ തന്ന കരിയർ മാറ്റി മറിച്ചു. നിരവധി ആരാധികമാരും താരത്തിനുണ്ട്. എന്നാൽ എന്തുകൊണ്ട് പ്രഭാസ് അവിവാഹിതനായി കഴിയുന്നു എന്നാണ് പല ആരാധകരും തിരക്കുന്നത്. ബാഹുബലിയിൽ പ്രഭാസിന്റെ നായികയായി എത്തിയ അനുഷ്കയുമായി താരം പ്രണയത്തിലാണ് എന്ന ഗോസിപ്പുകളും വന്നിരുന്നു. ഇപ്പോഴിതാ, നടി കൃതി സനോനും പ്രഭാസും ഇഷ്ടത്തിലാണ് എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തു വരുന്നത്. ഇതിന് തുടക്കമിട്ടതാകട്ടെ നടൻ വരുൺ ധവാനും.
ആദിപുരുഷ് എന്ന ചിത്രത്തിൽ പ്രഭാസിനൊപ്പം നായികയായി അഭിനയിക്കുന്നത് കൃതിയാണ്. സിനിമയിൽ ഒന്നിച്ചതു മുതൽ ഇരുവരും പ്രണയത്തിലാണ് എന്ന വാർത്തകൾ വന്നിരുന്നു. ഇപ്പോൾ ഇത് സംബന്ധിച്ച് സൂചന നൽകിയിരിക്കുകയാണ് വരുൺ ധവാൻ. ‘ജലക് ദിഖ്ല ജാ’ എന്ന പരിപാടിയിൽ പങ്കെടുക്കുമ്പോൾ പേര് വെളിപ്പെടുത്താതെ കൃതിയും പ്രഭാസും തമ്മിലുള്ള ഇഷ്ടത്തെ കുറിച്ച് വരുൺ ധവാൻ സൂചന നൽകുകയായിരുന്നു. പുതിയ സിനിമയുടെ പ്രൊമോഷന് വേണ്ടിയാണ് ഡാൻസ് റിയാലിറ്റി ഷോ ആയ ‘ജലക് ദിഖ്ല ജാ’യിലേയ്ക്ക് കൃതിയും വരുൺ ധവാനും എത്തിയത്. വിധികർത്താക്കളിൽ ഒരാളായ കരൺ ജോഹറിന്റെ ചോദ്യത്തിനാണ് വരുണിന്റെ തുറന്നു പറച്ചിൽ.
ബോളിവുഡിലെ മിടുക്കികളും അവിവാഹിതരുമായ നടിമാർ ആരൊക്കെയാണെന്ന് വരുണിനോട് ചോദിച്ചു. പലരുടെയും പേരുകൾ നടൻ പറഞ്ഞുവെങ്കിലും കൃതിയുടെ പേര് പറഞ്ഞില്ല. കൃതിയെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് കരൺ ചോദിച്ചപ്പോൾ,’കൃതിയുടെ പേര് ഈ ലിസ്റ്റിൽ ഇല്ല. കാരണം അവളുടെ ഹൃദയത്തിൽ ഒരാളുണ്ട്. അയാൾ ദീപികയുടെ കൂടെ ഇപ്പോൾ മുംബൈയിൽ അഭിനയിക്കുകയാണ്’ എന്ന് വരുൺ പറയുകയായിരുന്നു. വരുണിന്റെ മറുപടി കേട്ട് കൃതി ഞെട്ടുന്നതും കാണാം. ഇതാണ്, പ്രഭാസും കൃതിയും തമ്മിൽ പ്രണയമാണെന്ന വാർത്തയ്ക്ക് കാരണം. നിലവിൽ ദീപിക പദുക്കോണിനൊപ്പം സിനിമയിൽ അഭിനയിക്കുകയാണ് പ്രഭാസ്.
Comments