ചിത്രത്തിലെ ഒരു ഷോട്ടോ സംഭാഷണമോ തെറ്റാണെന്ന് തെളിയിക്കൂ.. ഞാൻ സംവിധാനം ഉപേക്ഷിക്കാം..; അതികായരായ ഇസ്രായേലി സംവിധായകരെ വെല്ലുവിളിക്കുകയാണെന്ന് വിവേക് അഗ്നിഹോത്രി

Published by
Janam Web Desk

ന്യൂഡൽഹി: കശ്മീർ ഫയൽസ് ചിത്രത്തിനെതിരായ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി. സിനിമ തെറ്റാണെന്ന് തെളിയിച്ചാൽ സംവിധാനം ഉപേക്ഷിക്കുമെന്ന് അഗ്നിഹോത്രി പറഞ്ഞു. ഐഎഫ്എഫ്‌ഐ ജൂറി തലവനും ഇസ്രായേലി സംവിധായകനുമായ നാദവ് ലാപിഡായിരുന്നു കശ്മീർ ഫയൽസിനെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. ചിത്രം അശ്ലീലമാണെന്നും പ്രൊപ്പഗണ്ടയുടെ ഭാഗമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. സംഭവം വിവാദമായതോടെ നിരവധി പ്രതികരണങ്ങളാണ് വിവിധയിടങ്ങളിൽ നിന്നുയർന്നത്.

വിവേക് അഗ്നിഹോത്രി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലും വിവാദ പരാമർശത്തിന് മറുപടി നൽകുന്നുണ്ട്. ഭീകരവാദം പിന്തുണയ്‌ക്കുന്നവർക്കും വംശഹത്യയെ കണ്ടില്ലെന്ന് നടിക്കുന്നവർക്കും തന്നെ നിശബ്ദമാക്കാൻ കഴിയില്ലെന്ന അടിക്കുറിപ്പോടെയാണ് സംവിധായകൻ വീഡിയോ പങ്കുവെച്ചത്.

”കഴിഞ്ഞ ദിവസം ഐഎഫ്എഫ്‌ഐ ജൂറി അംഗം കശ്മീർ ഫയൽസ് പ്രൊപ്പഗണ്ടയാണെന്നും അശ്ലീലച്ചിത്രമാണെന്നും അഭിപ്രായപ്പെട്ടു. എന്നെ സംബന്ധിച്ചിടത്തോളം ഇത് കേൾക്കുന്നതിൽ പുതുമയൊന്നുമില്ല. പലരും ഇത്തരം പ്രതികരണങ്ങൾ നേരത്തെ നടത്തിയതാണ്. തീവ്രവാദ സംഘടനകളും അർബൻ നക്‌സലുകളും ഇന്ത്യയെ വിഭജിക്കാൻ ആഗ്രഹിക്കുന്നവരുമൊക്കെ ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. എന്നാൽ എന്നെ ആശ്ചര്യപ്പെടുത്തിയത് മറ്റൊന്നാണ്. കേന്ദ്രസർക്കാർ സംഘടിപ്പിച്ച ഒരു ചടങ്ങിന്റെ വേദിയിൽ നിന്നുകൊണ്ട് കശ്മീരിനെ ഇന്ത്യയിൽ നിന്നും വിഭജിക്കുന്നതിനെ പിന്തുണച്ചുകൊണ്ടുള്ള ഒരു വിവരണമുണ്ടായിരിക്കുകയാണ്.” വിവേക് അഗ്നിഹോത്രി വീഡിയോയിലൂടെ പ്രതികരിച്ചു.

”ആരാണിവർ? കശ്മീർ ഫയൽസിന് വേണ്ടി ഞാൻ പ്രയത്‌നിക്കാൻ തുടങ്ങിയ നാൾ മുതൽ ഈ ചിത്രം പ്രൊപ്പഗണ്ടയാണെന്ന് പറഞ്ഞ അതേ ആളുകൾ തന്നെയാണിത്. കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടും വെട്ടിനുറുക്കപ്പെട്ടും ദുരിതമനുഭവിച്ച കുടുംബങ്ങളിലെ 700ഓളം പേരെ അഭിമുഖം നടത്തി തയ്യാറാക്കിയ ചിത്രമാണ് കശ്മീർ ഫയൽസ്. ഈ ആളുകളെല്ലാം പ്രൊപ്പഗണ്ടയാണോ പറയുന്നത്. അവർ വെളിപ്പെടുത്തുന്നത് അശ്ലീലമാണോ? ഒരിക്കൽ ഭൂരിപക്ഷമാളുകളും ഹിന്ദുക്കളായിരുന്ന ഭൂമിയിൽ ഇന്ന് ഒരൊറ്റ ഹിന്ദുവില്ല. പ്രതിദിനം ഒരോ ഹിന്ദുവും കൊല്ലപ്പെട്ടുകൊണ്ടേയിരുന്നു. യാസീൻ മാലിക്ക് തീവ്രവാദം അംഗീകരിച്ച് ഇന്ന് ജയിലിൽ കിടക്കുകയാണ്. ഇതെല്ലാം പ്രൊപ്പഗണ്ടയും അശ്ലീലവുമാണോ? ” സംവിധായകൻ ചോദിച്ചു.

ഇസ്രായേലിൽ നിന്നെത്തിയ അതികായരായ സംവിധായകരെയും അർബൻ നക്‌സലുകളെയും വെല്ലുവിളിക്കുകയാണ്. കശ്മീർ ഫയൽസ് എന്ന ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലുമൊരു ഷോട്ടോ, സംഭാഷണമോ സത്യമല്ലെന്ന് തെളിയിച്ചാൽ സിനിമാ സംവിധാനം ഇതോടെ നിർത്തുമെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.

വീഡിയോ കാണാം..

Share
Leave a Comment