ന്യൂഡൽഹി: ആധികാരികമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് മാദ്ധ്യമങ്ങൾ മുൻഗണന നൽകേണ്ടതെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ. ഏഷ്യാ-പസഫിക് ബ്രോഡ്കാസ്റ്റിംഗ് യൂണിയൻ ജനറൽ അസംബ്ലി 2022ന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധികാരികമായ വാർത്തകൾ നൽകുക എന്നതാണ് മാദ്ധ്യമങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വം. പൊതുവായ ഒരു സ്ഥലത്ത് ഏതൊരു വിവരം പ്രസിദ്ധീകരിക്കുമ്പോഴും കൃത്യമായി പരിശോധിച്ച് ആധികാരികത ഉറപ്പാക്കിയതിന് ശേഷം മാത്രമേ നൽകാവൂ. ഓരോ വാർത്തകളും എത്രമാത്രം വേഗതയിൽ ജനങ്ങളിലേക്ക് എത്തിക്കുന്നുവെന്നത് തീർത്തും പ്രധാനപ്പെട്ടത് തന്നെയാണ്. എന്നാൽ അവ കൃത്യതയോടെ ആയിരിക്കണമെന്നതാണ് അതിലേറെ പ്രധാനപ്പെട്ടത്. അതിനാൽ മാദ്ധ്യമങ്ങൾ പ്രഥമ പരിഗണന നൽകേണ്ടത് വാർത്തയുടെ ആധികാരികതയ്ക്കാണെന്നും കേന്ദ്രമന്ത്രി ഓർമ്മിപ്പിച്ചു.
സത്യാവസ്ഥ ജനങ്ങളിലേക്ക് എത്തിക്കാൻ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ കീഴിൽ ഫാക്ട് ചെക്ക് യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്. ഇതുവഴി വലിയ രീതിയിൽ പ്രചരിക്കുകയും ജനങ്ങളുടെ ശ്രദ്ധയാകർഷിക്കുകയും ചെയ്യുന്ന വ്യാജ വാർത്തകളുടെ നിജസ്ഥിതി ജനങ്ങളിലേക്ക് എത്തുന്നതാണ്. അതേസമയം പ്രതിസന്ധി ഘട്ടങ്ങളിൽ മാദ്ധ്യമങ്ങൾ വഹിക്കുന്ന പങ്ക് അത്യധികം പ്രധാനപ്പെട്ടതാണെന്നും കേന്ദ്ര മന്ത്രി ഓർമ്മിപ്പിച്ചു. ഓരോ ജീവനും സംരക്ഷിക്കാൻ മാദ്ധ്യമങ്ങൾ വഹിക്കുന്നത് നിർണായക പങ്കാണ്. ദേശീയ ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മാദ്ധ്യമങ്ങൾക്ക് സുപ്രധാന പങ്കുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കൊറോണ മഹാമാരി വന്നപ്പോൾ ജനങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാൻ വഴിയൊരുക്കിയത് മാദ്ധ്യമങ്ങളായിരുന്നു. പ്രധാനപ്പെട്ട സർക്കാർ നിർദേശങ്ങൾ, കൊറോണ ബോധവത്കരണങ്ങൾ, ഡോക്ടർമാരുമായുള്ള സൗജന്യ കൺസൾട്ടേഷനുകൾ എന്നിവയെല്ലാം നൽകി മാദ്ധ്യമങ്ങൾ മുന്നോട്ടുവച്ച പിന്തുണ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
Comments