ന്യൂഡൽഹി: അമേരിക്കയുമായി നടത്തിയ സംയുക്തസൈനിക അഭ്യാസത്തിനെതിരെ പ്രതികരിച്ച ചൈനയ്‌ക്ക് കണക്കിന് മറുപടി നൽകി ഇന്ത്യ. ഉത്തരാഖണ്ഡിലെ ഔലിയിൽ ഇന്ത്യാ-ചൈന അതിർത്തിയിൽ നിന്നും കേവലം 100 കിലോമീറ്റർ മാത്രം അകലെ യുഎസ് സൈന്യം ഇന്ത്യയ്‌ക്കൊപ്പം പരിശീലനത്തിലേർപ്പെട്ടതാണ് ചൈനയെ പ്രകോപിപ്പിച്ചത്. 1993-96 വർഷത്തിൽ ഇന്ത്യയും ചൈനയും അതിർത്തിയിൽ നടക്കേണ്ട പരിശീലനത്തിൽ മൂന്നാം കക്ഷികൾ പങ്കെടുക്കരുതെന്ന തീരുമാനം ലംഘിച്ചെന്നാണ് ആരോപണം.
ചൈനയുടേതു പോലെ ഒരു രാജ്യത്തിനും വീറ്റോ നൽകുന്ന സ്വഭാവം തങ്ങൾക്കില്ലെന്ന നയതന്ത്ര പരിഹാസമാണ് വിദേശകാര്യ വകുപ്പ് നൽകിയത്. ചൈനയുടെ വിദേശകാര്യ മന്ത്രാലയമാണ് ഇന്ത്യാ-യുഎസ് സൈനിക അഭ്യാസമായ യുദ്ധ് അഭ്യാസിനെതിരെ പ്രസ്താവന ഇറക്കിയത്. 1993-96 വർഷത്തിൽ ഇന്ത്യയും ചൈനയും യാഥാർത്ഥ നിയന്ത്രണ രേഖയിലും സമീപത്തും നടത്തേണ്ട പരിപാടികളെക്കുറിച്ചുള്ള ധാരണകളാണ് ഇന്ത്യ-യുഎസ് സംഘം തെറ്റിച്ചതെന്നാണ് ചൈനയുടെ ആരോപണം.
ചൈനയുടെ വാദം ഇന്ത്യ തീർത്തും തള്ളുകയാണ്. നിലവിൽ നടത്തിയ ഇന്ത്യാ-യുഎസ് സൈനിക അഭ്യാസവും 1993ലെ കരാറുമായി യാതൊരു ബന്ധവുമില്ല. അതേ സമയം ലഡാക്കിൽ അതിർത്തി ലംഘനത്തിന് ശ്രമിച്ചപ്പോൾ ഇതേ 1993ഉം 1996ഉം എന്തുകൊണ്ട് ചർച്ചയായില്ലെന്നും വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി ചോദിച്ചു.
ചൈന അതിർത്തി മേഖലകളിൽ ലഡാക് സംഘർഷത്തിനും ചർച്ചകൾക്കും ശേഷം സൈനിക വിന്യാസം വ്യാപകമാക്കിയിരുന്നു. പലയിടത്തും സൈന്യത്തെ പിൻവലിച്ചില്ലെന്ന് മാത്രമല്ല സൈനികർക്കായി നിരവധി ക്യാമ്പുകളും പണിതിരിക്കുകയാണ്. റോഡുകളും വിമാനമിറങ്ങാൻ റൺവേകളും നിർമ്മിച്ച് ഇന്ത്യയെ പ്രകോപിപ്പിക്കാനാണ് ശ്രമം. ഇന്ത്യൻ സൈന്യം നിരന്തരം ആരോപണം ഉന്നയിക്കുന്ന ഇത്തരം വിഷയങ്ങൾ സജീവമായി നിൽക്കുന്നതിനിടെയാണ് ബീജിംഗിന്റെ പ്രസ്താവന വന്നത്.
Comments