തിരുവനന്തപുരം: വിഴിഞ്ഞം വിഷയത്തിൽ തിരുവനന്തപുരത്തെ ലത്തീൻ പള്ളികളിൽ ഇന്ന് ആർച്ച് ബിഷപ്പിന്റെ സർക്കുലർ വായിക്കും. സമരത്തിന്റെ പേരിൽ സംഘർഷം ആഗ്രഹിക്കുന്നില്ലെന്നും സമാധാന അന്തരീക്ഷം ഉറപ്പുവരുത്താൻ സർക്കാർ മുൻകൈ എടുക്കണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നു. സർക്കാരിന്റെ മനോഭാവം പ്രതിഷേധാർഹമാണെന്നും സർക്കുലറിലുണ്ട്. തുറമുഖത്തിന് എതിരെയല്ല മറിച്ച് നിർമാണം നിർത്തിവെച്ച് പഠനം നടത്താനാണ് ആവശ്യപ്പെടുന്നതെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
അതേസമയം വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ സമവായ നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ് സംസ്ഥാന സർക്കാർ. സമരസമിതി നേതാക്കൾക്കെതിരെ ചുമത്തിയ കേസുകൾ അടക്കം പിൻവലിക്കുന്ന വിഷയവും തീരശോഷണം പഠിക്കുവാനുള്ള സമിതിയിലേക്ക് സമരസമിതിയുടെ പ്രതിനിധിയെ ഉൾപ്പെടുത്തുന്നതും ഒത്തുതീർപ്പിനുള്ള വഴിയായി സർക്കാർ കരുതുന്നു. നാളെ സമരസമിതി നേതാക്കന്മാരുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തിയേക്കുമെന്നാണ് വിവരം.
വിഴിഞ്ഞം പദ്ധതി വരുമ്പോൾ ഉണ്ടാകാൻ സാധ്യത ഉള്ള തീരശോഷണത്തെ കുറിച്ച് പഠിക്കാൻ സർക്കാർ ഒരു വിദഗ്ധ സമിതിയെ തീരുമാനിച്ചിരുന്നു. ഇതിലേക്ക് സമരസമിതിയുടെ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന ആവശ്യം നേരത്തെ തന്നെ ലത്തീൻ സഭ മുന്നോട്ട് വെച്ചതാണ്. ഇത് അംഗീകരിക്കാമെന്നാണ് സർക്കാരിന്റെ നിലപാട്. കൂടാതെ വിഴിഞ്ഞം ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോകില്ലെന്ന് മാത്രമല്ല, കേസ് അവസാനിപ്പിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കാൻ ഇടയുണ്ട്.
ലത്തീൻ അതിരൂപത മലങ്കര സഭ തലവന്മാരുമായി സർക്കാർ ഇന്നലെ ചർച്ച നടത്തിയിരുന്നു. ആദ്യം ചീഫ് സെക്രട്ടറി നടത്തിയ ചർച്ചയ്‌ക്ക് ശേഷം മലങ്കര കാത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് കത്തോലിക്ക ബാവയുമായി മുഖ്യമന്ത്രിയും ഇന്നലെ ചർച്ച നടത്തി.
അനുരഞ്ജനത്തിന്റെ പാത തുറന്നേക്കുമെന്നുള്ള വിശ്വാസത്തിലാണ് പിണറായി സർക്കാർ. വരും ദിവസങ്ങളിലും തുടർ ചർച്ചകൾ ഉണ്ടാകുമെന്നാണ് സൂചന. സമരസമിതി നേതാക്കളുമായി നാളെ മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തുമെന്നുള്ള സൂചനകളും ഉണ്ട്.
Comments