സ്ത്രീ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണ് ആർത്തവം. എന്നാൽ ഈ ദിനങ്ങളിലെ ശാരീരിക മാനസിക പ്രശ്നങ്ങൾ ഒട്ടുമിക്കവരെയും തന്നെ ബാധിക്കുന്ന ഒന്നാണ്. ഈ സമയത്ത് വയറുവേദന അനുഭവിക്കാത്തലവരായിട്ട് ആരുമുണ്ടാകില്ല. ഒപ്പം നടുവേദന, കാലുകൾക്കുണ്ടാകുന്ന മരവിപ്പും കട്ടുകഴപ്പും, തലവേദന,സ്തനങ്ങളിലെ വേദന, ഛർദ്ദി, വിഷാദം, ദേഷ്യം തുടങ്ങിയലയിലൂടെയാണ് ഓരോ സ്ത്രീയും മാസവും കടന്നുപോകുന്നത്. പലരിലും പല തരത്തിലാകാം ഈ വേദന അനുഭവപ്പെടുക.
ഇത്തരം കഠിനമായതും സർവസാധാരണവുമായ വേദനയകറ്റാൻ മരുന്നുകളുടെ പിന്നാലെ പോകുന്നവരാണ് മിക്കവരും. ഡോക്ടറുടെ നിർദേശപ്രകാരമാകില്ല പലരും വേദനസംഹാരികളും മറ്റും കഴിക്കുന്നത്. ഇത് ഭാവിയിൽ കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം. ഗുളികകൾ സ്ഥിരമായി കഴിക്കുന്നത് കരളിനെയും വൃക്കയെയും ബാധിക്കാൻ ഇടയുണ്ട്. അൾസർ, അസിഡിറ്റി എന്നിവയും വേദന സംഹാരികൾ കഴിക്കുന്നത് വഴി വിളിച്ചുവരുത്തും.
ആർത്തവ സമയത്തെ വേദന രോഗമല്ലെന്ന് മനസിലാക്കുക. ഏല്ലാ മാസവും മുടങ്ങാതെ ഉണ്ടാകുന്ന ഒരു ശാരീരിക അവസ്ഥയായി മാത്രം ഇതിനെ കാണുക. ആർത്തവ ദിനങ്ങളിൽ ഉണ്ടാകുന്ന അമിത വേദനയ്ക്ക് മരുന്ന് കഴിക്കാതെ തന്നെ പരിഹാരങ്ങളുണ്ട്. ഭക്ഷണം ക്രമീകരിച്ചും വ്യായാമം ചെയ്തും ആർത്തവ വേദന ലഘൂകരിക്കാവുന്നതാണ്. ജങ്ക് ഫുഡുകൾ ഒഴിവാക്കിയും പോഷകാഹാരങ്ങൾ ശീലമാക്കിയും ആർത്തവകാലം വേദന രഹിതമാക്കാം. ആർത്തവ വേദന മാറാൻ ചില ഭക്ഷണങ്ങളും സഹായിക്കും.
തൈര് :കാൽസ്യത്തിന്റെ കലവറയായ തൈര് ശരീരത്തിലെ എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ആർത്തവ സമയത്ത് കാൽസ്യത്തിന്റെ അളവ് നിയന്ത്രിക്കാൻ തൈരിനാകും.
മത്സ്യം :ഓമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുളള മത്സ്യം ആർത്തവസമയത്തെ വേദനയ്ക്ക് ശമം നൽകി ശരീരത്തിന് കൂടുതൽ ആരോഗ്യം നൽകാനും സഹായിക്കും.
കറ്റാർവാഴയും തേനും : കറ്റാർ വാഴയുടെ നീര് തേനിൽ ചേർത്ത് കഴിക്കുന്നത് ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും.
ക്യാരറ്റ്: ആർത്തവ ദിനങ്ങളിൽ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്.
തണ്ണിമത്തൻ: 92 ശതമാനം വെളളം ഉളളതിനാൽ ആർത്തവ സമയത്ത് കഴിക്കാൻ ഏറ്റവും നല്ലതാണ് തണ്ണിമത്തൻ. ഈ സമയത്തെ ക്ഷീണം മാറ്റാൻ ഇത് സഹായിക്കും. തണ്ണിമത്തനിൽ വൈറ്റമിൻ സി, വൈറ്റമിൻ ബി6, വൈറ്റമിൻ എ, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്.
ഓറഞ്ച്: ശരീരത്തിലെ ഇരുമ്പിന്റെ അംശം കൂട്ടാനും ആർത്തവ വേദന കുറയ്ക്കാനും ഏറേ സഹായകമാണ് ഓറഞ്ച്. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും.. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇവ ശരീരത്തിനെ കൂടുതൽ ബലപ്പെടുത്തും. ഓറഞ്ച് കഴിക്കുന്നത് വയറിനും ഉത്തമമാണ്.
തുളസി: തുളസിയിലയോ പുതിനയിലയോ ഇട്ട് വെള്ളം തിളപ്പിച്ച ശേഷം കുടിക്കാം. അല്ലെങ്കിൽ ഇവ ചേർത്ത് ചായ കുടിക്കുന്നതും ഉത്തമമാണ്.
പാൽ: ചൂടുപാലിൽ നെയ്യ് ചേർത്ത് കഴിയ്ക്കുന്നത് ആർത്തവ അസ്വസ്ഥതകൾ ഒഴിവാക്കാൻ സഹായിക്കും. രാവിലെ ഒരു ഗ്ലാസ്സ് പാൽ കുടിക്കുന്നത് വേദന കുറയാൻ സഹായിക്കും.
പപ്പായ: ആർത്തവം ആരംഭിക്കുന്നതിനു മുമ്പായി ധാരാളം പപ്പായ കഴിക്കുക. ഈ പഴവർഗ്ഗത്തിൽ അടങ്ങിയിരിക്കുന്ന പപ്പൈൻ എന്ന എൻസൈം ആർത്തവ വേദന ലഘൂകരിക്കാൻ സഹായിക്കും ആർത്തവ രക്തം പുറത്തേയ്ക്ക് പോകുന്നത് എളുപ്പത്തിലാക്കാനും പപ്പായയ്ക്ക് കഴിയും.
ഇഞ്ചിച്ചായ: ഇഞ്ചിച്ചായയിൽ തേൻ ചേർത്ത് കുടിക്കുന്നത് വയറുവേദന കുറയ്ക്കാൻ സഹായിക്കും. തിളച്ച ഇഞ്ചിച്ചായയിൽ ഒരു തുണി മുക്കി പിഴിഞ്ഞ ശേഷം അടിവയറ്റിൽ വെച്ച് കൊടുക്കുന്നതും വേദന കുറയ്ക്കാൻ സഹായിക്കും.
പെരുംജീരകം: പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം ഇടക്കിടക്ക് കുടിക്കുന്നത് ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും.
ഡാർക്ക് ചോക്ലേറ്റ്:ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ആർത്തവകാലത്തുണ്ടാകുന്ന മൂഡ് മാറ്റങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ സന്തോഷിപ്പിക്കാനും സഹായിക്കും. ഡാർക്ക് ചോക്ലേറ്റിലടങ്ങിയിരിക്കുന്ന പോളിഫിനോൾസ് എന്നറിയപ്പെടുന്ന ഫ്ളേവനോയിഡ്സ് ആർത്തവസമയത്തെ രക്തസമ്മർദ്ദം നിയന്ത്രിക്കും.
Comments