ജയ്പൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ മാദ്ധ്യമങ്ങൾ അവഗണിക്കുകയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട്. മദ്ധ്യപ്രദേശിൽ നിന്നും യാത്ര രാജസ്ഥാനിലേയ്‌ക്ക് കടന്നതോടെയാണ് മാദ്ധ്യമങ്ങളെ വിമർശിച്ചു കൊണ്ട് മുതിർന്ന കോൺഗ്രസ് നേതാവ് രംഗത്തു വന്നിരിക്കുന്നത്. ഭാരത് ജോഡോ യാത്ര വാർത്തയാക്കേണ്ടതും ജനങ്ങളെ കാണിക്കേണ്ടതും മാദ്ധ്യമങ്ങളുടെ കടമയാണെന്നും ഗെഹ്‍ലോട്ട് പ്രതികരിച്ചു.
‘മാദ്ധ്യമ പ്രവർത്തകർ ഭാരത് ജോഡോ യാത്ര ബഹിഷ്കരിക്കുന്നു എന്നതാണ് സത്യം. ലക്ഷങ്ങളാണ് രാഹുൽ ഗാന്ധി നയിക്കുന്ന യാത്രയിൽ പങ്കെടുക്കുന്നത്. ഇത്രയും വലിയ പ്രചാരണം നിങ്ങൾ എന്തുകൊണ്ടാണ് കാണിക്കാതിരിക്കുന്നത്? ഭാരത് ജോഡോ യാത്ര കാണിക്കേണ്ടത് മാദ്ധ്യമങ്ങളുടെ കടമയാണ്. രാഹുൽ ഗാന്ധിയുടെ പോസിറ്റീവ് യാത്ര, പോസിറ്റീവ് ചിന്താഗതി, അക്രമമൊന്നും ഇല്ല. അങ്ങനെയൊരു യാത്ര കാണിക്കാതിരുന്നാൽ രാജ്യത്തോടുള്ള കടമ നിറവേറ്റുന്നതിൽ മാദ്ധ്യമങ്ങൾ പരാജയപ്പെടുകയാണ്’ എന്ന് ഗെഹ്‍ലോട്ട് പറഞ്ഞു.
ഭാരത് ജോഡോ യാത്ര റിപ്പോർട്ട് ചെയ്തില്ല എങ്കിൽ രാജ്യത്തെ മാദ്ധ്യമങ്ങളോട് ചരിത്രം ക്ഷമിക്കില്ല എന്നും അശോക് ഗെഹ്‍ലോട്ട് പറഞ്ഞു. അതേസമയം, ഗെഹ്‍ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള പോര് മുറുകുമ്പോഴാണ് രാഹുൽ ഗാന്ധിയുടെ യാത്ര രാജസ്ഥാനിലേയ്‌ക്ക് കടന്നിരിക്കുന്നത്. രാജസ്ഥാനിലെ ജൽവാറിൽ നിന്നും യാത്ര ആരംഭിക്കുമ്പോൾ തമ്മിലുള്ള പോര് മാദ്ധ്യമങ്ങൾക്ക് മുന്നിൽ മറച്ചു പിടിച്ചുകൊണ്ട് മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടും സച്ചിൻ പൈലറ്റും രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു.
Comments