ലഖ്നൗ: ഉത്തർ പ്രദേശിൽ സമാജ് വാദി പാർട്ടിയുടെ ശക്തികേന്ദ്രമായ രാംപൂരിൽ ബിജെപിക്ക് അട്ടിമറി വിജയം. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ സമാജ് വാദി പാർട്ടി എം എൽ എ അസം ഖാൻ അയോഗ്യനാക്കപ്പെട്ടതിനെ തുടർന്നാണ് രാംപൂരിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഉത്തർ പ്രദേശിൽ മുസ്ലീം ഭൂരിപക്ഷമുള്ള ജില്ലയാണ് രാംപൂർ.
രാംപൂർ നിയോജക മണ്ഡലം നിലവിൽ വന്നതിന് ശേഷം ആദ്യമായാണ് ബിജെപി സ്ഥാനാർത്ഥി ഇവിടെ വിജയിക്കുന്നത്. അസം ഖാനും കുടുംബവും കുത്തകയാക്കി വെച്ചിരുന്ന മണ്ഡലമായിരുന്നു രാംപൂർ. ബിജെപി ഇതര പാർട്ടികളിൽ മത്സരിച്ചാണ് ഇവർ ഇവിടെ വിജയം ആവർത്തിച്ചിരുന്നത്.
രാംപൂരിലെ പരാജയം സമാജ് വാദി പാർട്ടിക്കും അഖിലേഷ് യാദവിനും കനത്ത ആഘാതമായി. മുൻ എം എൽ എ ശിവ് ബഹാദൂർ സക്സേനയുടെ മകൻ ആകാശ് സക്സേനയാണ് ഇവിടെ ബിജെപിക്ക് വേണ്ടി വിജയക്കൊടി പാറിച്ചത്. അസം ഖാന്റെ അടുത്ത ബന്ധു അസീം രാജയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. മുപ്പത്തി മൂവായിരം വോട്ടിനാണ് സക്സേനയുടെ വിജയം.
പോൾ ചെയ്ത വോട്ടുകളുടെ 62 ശതമാനവും ആകാശ് സക്സേന നേടിയപ്പോൾ, 36,16 ശതമാനം വോട്ടുകൾ മാത്രമാണ് അസീം രാജക്ക് ലഭിച്ചത്.
Comments