ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഗുജറാത്തിൽ ബിജെപി സ്വന്തമാക്കിയത്. ഭരണ വിരുദ്ധ വികാരം അലയടിക്കുന്നുവെന്ന് നാഴികയ്‌ക്ക് നാൽപ്പതുവട്ടം പറഞ്ഞു നടന്ന ബിജെപി വിരുദ്ധർക്കും ഇടത് ബുദ്ധി ജീവികൾക്കും ഗുജറാത്തിലെ ജനങ്ങൾ നൽകിയത് മുഖമടച്ചുള്ള മറുപടിയാണ്. 182 അംഗ നിയസഭയിലേയ്‌ക്ക് 158 എന്ന അത്ഭുതപ്പെടുത്തുന്ന സംഖ്യയുമായാണ് ബിജെപി നടന്നു കയറിയത്. ഇതോടെ വ്യാജപ്രചാരകരുടെ കുന്തമുന ഒടിഞ്ഞു. ഗുജറാത്ത് മോഡൽ വെറും കെട്ടുകഥയാണെന്ന് പറഞ്ഞവർക്ക് മുന്നിൽ ഗുജറാത്ത് മോഡലും നരേന്ദ്രമോദി എന്ന ജനനായകനും തങ്ങളുടെ ഹൃദയത്തിലാണെന്ന് തിരഞ്ഞെടുപ്പിലൂടെ മറുപടി നൽകിയസിരിക്കുകയാണ് ഗുജറാത്തിലെ ജനങ്ങൾ. ബിജെപിയുടെ ചരിത്ര വിജയം പ്രവർത്തകർ ആഘോഷമാക്കുമ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകളാകുന്നത് 2022 നവംബർ 15-ന് ദേശാഭിമാനി പത്രത്തിൽ വന്ന മുഖപ്രസംഗമാണ്.
‘ഗുജറാത്തിന്റെ മനസ്സ് ബിജെപിക്കൊപ്പമല്ല’ എന്ന തലക്കെട്ടോടു കൂടിയാണ് ദേശാഭിമാനി പത്രത്തിൽ ലേഖനം എഴുതിയിരിക്കുന്നത്. മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി കടുത്ത പോരാട്ടം ഗുജറാത്തിൽ നടക്കുമെന്നായിരുന്നു ദേശാഭിമാനി പത്രം പറഞ്ഞത്. ‘കറൻസിയിൽ ഹിന്ദുദൈവങ്ങളുടെ ചിത്രം വേണമെന്നും ഏക സിവിൽകോഡ് നടപ്പാക്കണമെന്നും ആവശ്യപ്പെടുന്ന ആം ആദ്മി പാർട്ടി തങ്ങളുടെ വോട്ടുബാങ്കിൽ വിള്ളൽ സൃഷ്ടിക്കുമോ എന്ന ഭയം ബിജെപിയെ വേട്ടയാടുകയാണ്. വിമതശല്യവും ബിജെപിയെ അലട്ടുന്നു. മൂന്നു ദശാബ്ദത്തോളമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിക്കെതിരെയുള്ള ജനവികാരം ശക്തമാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും പ്രധാന ചർച്ചാവിഷയമാകുന്നതും ബിജെപിയെ ഭയപ്പെടുത്തുന്നുണ്ട്’ എന്ന് ലേഖനത്തിൽ പറയുന്നു.
‘സിഎസ്ഡിഎസും ലോക്നീതിയും നടത്തിയ അഭിപ്രായ സർവേയിൽ 51 ശതമാനം ജനങ്ങളും അഭിപ്രായപ്പെട്ടത് അവരെ അലട്ടുന്ന ഏറ്റവും പ്രധാന വിഷയം വിലക്കയറ്റമാണെന്നാണ്. 87 ശതമാനം ജനങ്ങളും അഭിപ്രായപ്പെട്ടത് രാഷ്‌ട്രീയ വിഷയങ്ങളേക്കാൾ ഇക്കുറി കണക്കിലെടുക്കുന്നത് സാമ്പത്തിക വിഷയങ്ങളാണെന്നാണ്. മൊർബിയിലെ തൂക്കുപാലത്തിന്റെ തകർച്ചയും നരേന്ദ്രമോദി കെട്ടിപ്പൊക്കിയ ഗുജറാത്ത് മോഡലിന്റെ പാപ്പരത്തം ജനങ്ങളെ ബോധ്യപ്പെടുത്തി. പഴയ തരത്തിലുള്ള ജനക്കൂട്ടം മോദിയെ കാണാൻ റോഡ് ഷോകളിൽ ഉണ്ടായിരുന്നില്ല’ എന്നിങ്ങനെ നീളുന്നു ഗുജറാത്തിൽ ബിജെപി പരാജയപ്പെടും എന്ന് സമർത്ഥിക്കാനുള്ള ദേശാഭിമാനിയുടെ തത്രപ്പാട്
എന്നാൽ ദേശാഭിമാനിയുടെ ലേഖനത്തിന് തീർത്തും വിപരീതമായാണ് ഗുജറാത്തിലെ ജനങ്ങൾ ചിന്തിച്ചത്. കഴിഞ്ഞ തവണത്തേതിലും ഒരു സീറ്റ് എങ്കിലും ബിജെപിക്ക് കുറഞ്ഞിരുന്നുവെങ്കിൽ ചെറിയ ഭരണ വിരുദ്ധ വികാരമെങ്കിലും നിലനിൽക്കുന്നുണ്ട് എന്ന് ബിജെപി വിരുദ്ധർക്ക് ന്യായീകരിക്കാമായിരുന്നു. എന്നാൽ, ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ബിജെപി സ്വന്തമാക്കിയത്. 27 വർഷം തുടരെ ഭരിച്ച ഒരു പാർട്ടി ആദ്യമായിട്ടാണ് ഇത്രയധികം സീറ്റുകളോടെ വീണ്ടും ഭരണത്തിലെത്തുന്നത്. ബിജെപിയുടെ വലിയ വിജയത്തിന് പിന്നാലെ സാമൂഹിക മാദ്ധ്യമങ്ങളിലെ ട്രോളുകളിൽ നിറയുകയാണ് ദേശാഭിമാനിയിലെ ലേഖനം.
Comments