റോഷാക്കിന്റെ വിജയാഘോഷത്തിൽ ദുല്‍ഖര്‍ സല്‍മാനില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്ന അമ്മയുടെ വീഡിയോ പങ്കുവെച്ച് ബിന്ദു പണിക്കരുടെ മകൾ കല്യാണി. മമ്മൂട്ടി നായകനായ റോഷാക്കിൽ മികച്ച വേഷത്തിലാണ് ബിന്ദു പണിക്കർ എത്തിയത്. കാലങ്ങൾക്കും ശേഷം ബിന്ദു പണിക്കർക്ക് ലഭിച്ച ശക്തമായ വേഷമായിരുന്നു റോഷാക്കിലേത്. പ്രകടനം കൊണ്ട് ഞെട്ടിച്ച താരത്തെ തേടി അഭിനന്ദന പ്രവാഹങ്ങളായിരുന്നു. റോഷാക്ക് റിലീസ് ആയതു മുതൽ അമ്മയെ അഭിനന്ദനം അറിയിക്കാനായി ഒരുപാടു പേർ തന്നെ വിളിക്കുന്നുണ്ടെന്ന് കല്യാണി പറയുന്നു. പ്രേക്ഷകർ അമ്മയോടു കാണിക്കുന്ന സ്നേഹത്തിനു നന്ദിയുണ്ടെന്നും മകൾ കല്യാണി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
‘ഒരുപാടു നാളുകള്‍ക്ക് ശേഷം അമ്മയോടു സംസാരിക്കാനും അഭിനയത്തെ അഭിനന്ദിക്കാനുമായി റോഷാക്ക് എന്ന ചിത്രം ഇറങ്ങിയതു മുതല്‍ ധാരാളം പേർ എത്തിയിരുന്നു. അതുകൊണ്ടാണ് ഈ വിഡിയോ ഞാന്‍ പങ്കുവയ്‌ക്കുന്നത്. അമ്മയ്‌ക്ക് നല്‍കിയ സ്‌നേഹത്തിനും അഭിനന്ദനങ്ങൾക്കും എല്ലാവരോടും നന്ദി പറയുന്നു. അമ്മയെ ഓർത്ത് എനിക്ക് വളരെയധികം അഭിമാനമുണ്ട്’ എന്ന് കുറിച്ചു കൊണ്ടാണ് റോഷാക്കിന്റെ വിജയാഘോഷത്തിൽ ബിന്ദു പണിക്കർ പങ്കെടുക്കുന്ന വീഡിയോ കല്യാണി പങ്കുവെച്ചത്.
വീഡിയോ കാണാം, ക്ലിക്ക് ചെയ്യുക
ബിന്ദു പണിക്കര്‍ക്ക് ദുല്‍ഖര്‍ പുരസ്‌കാരം നല്‍കുമ്പോള്‍ മൈക്കുമായി മമ്മൂട്ടിയും വേദിയിലേക്കു കടന്ന് വരുന്നത് കാണാം. ‘വാച്ചൊന്നുമില്ല കുഴപ്പമുണ്ടോ?. ബിന്ദു എന്നോട് റോൾ പോലും ചോദിച്ചില്ല. പക്ഷേ ഞങ്ങൾ റോൾ കൊടുത്തു. റോളിലേക്ക് പലരെയും നിർദേശിച്ചിരുന്നു. പക്ഷേ ആരും ശരിയായില്ല. നിങ്ങൾ വേറെ ആരെയും നോക്കണ്ട. ഈ റോൾ ബിന്ദു ചെയ്തു തരുമെന്ന് ഞാനാണ് പറഞ്ഞത്’ എന്ന് മമ്മൂട്ടി വേദിയിൽ പറഞ്ഞു. ‘ഈ വേദിയിൽ നിന്ന് എന്തു പറയണമെന്ന് എനിക്ക് അറിയില്ല. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇത്തരമൊരു പടത്തിൽ അഭിനയിക്കാൻ കഴിഞ്ഞത്. ഈ കഥാപാത്രത്തിന് വേണ്ടി എന്നെ വിളിച്ച മമ്മൂക്കയ്‌ക്കും കുടുംബത്തിനും നന്ദി. മമ്മൂക്കയാണ് എന്നെ ഈ കഥാപാത്രത്തിലേക്ക് നിർദേശിച്ചത് എന്നതാണ് ഏറ്റവും സന്തോഷം തരുന്ന കാര്യം. ഒരു നടി എന്ന നിലയില്‍ ഇനി എനിക്ക് ഒന്നും വേണ്ട. എനിക്ക് അത്രയും സന്തോഷമായി. എങ്ങനെ നന്ദി പറയണം എന്ന് പോലും അറിയില്ല. എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. ഇവിടെ ഇരിക്കുന്ന ഓരോരുത്തരോടും ഹൃദയം നിറഞ്ഞ നന്ദി’ എന്ന് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ബിന്ദു പണിക്കരും പറഞ്ഞു.
Comments