ഇലക്ട്രിക് കരുത്തില്‍ നാനോ മടങ്ങിയെത്തുമോ?; എന്താണ് സംഭവിക്കുന്നത്!

Published by
Janam Web Desk

സാധാരണക്കാരന് കാറെന്ന സ്വപ്‌നവുമായി പുറത്തിറങ്ങിയ വാഹനമാണ് ടാറ്റ നാനോ. നഗരവീഥികള്‍ക്ക് ഏറെ ഇണങ്ങുന്ന ഈ വാഹനത്തിന്റെ ഉൽപാദനം നിര്‍ത്തിയെങ്കിലും ഇന്നും നഗരയാത്രകള്‍ക്കായി കാർ അന്വേഷിച്ച് എത്തുന്നവര്‍ ധാരാളമാണ്. ‘തന്റെ രാജ്യത്തെ ജനങ്ങൾക്ക് വാങ്ങാൻ കഴിയുന്ന ഒരു കാർ വേണം’ എന്ന രത്തൻ നാവൽ ടാറ്റയുടെ ആ​ഗ്രഹമായിരുന്നു നാനോയുടെ നിർമ്മാണത്തിലേയ്‌ക്ക് വഴി വച്ചത്. രാജ്യത്തെ വിലകുറഞ്ഞ കാറായി ഇന്ത്യൻ വിപണിയിൽ നാനോ രം​ഗപ്രവേശം ചെയ്തുവെങ്കിലും വേണ്ടത്ര രീതിയിൽ വിജയിക്കാൻ കഴിഞ്ഞില്ല. ഇതോടെ വാഹനത്തിന്റെ നിർമ്മാണം കമ്പനി അവസാനിപ്പിക്കുകയും ചെയ്തു. എന്നാൽ നാളുകൾക്കിപ്പുറം നാനോയെ തേടി വാഹനപ്രേമികൾ എത്തുകയാണ്. ഇതിനിടെ, അതിവേ​ഗം വളരുന്ന തങ്ങളുടെ ഇവി വിഭാ​ഗത്തെ വിപുലീകരിക്കുന്നതിനായി നാനോയെ ഒരു ഇലക്ട്രിക് വാഹനമായി ടാറ്റ പുനരുജ്ജീവിപ്പിക്കുമെന്ന് അടുത്തിടെ ചില റിപ്പോർട്ടുകളും വന്നിരുന്നു.

എന്നാൽ, നാനോയുടെ ഇലക്ട്രിക് പതിപ്പിനെപ്പറ്റി കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ വരാനിരിക്കുന്ന വാഹനങ്ങളെപ്പറ്റിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾക്കോ പ്രതികരിക്കാനില്ല എന്നാണ് ടാറ്റ പറയുന്നത്. പക്ഷെ, വേണമെങ്കിൽ ടാറ്റ മോട്ടോഴ്സിന് നാനോയെ ഒരു ഇവി ആയി കൊണ്ടു വരാവുന്നതേയുള്ളു എന്നും കമ്പനി വ്യക്തമാക്കി. ഇലക്ട്രിക് വാഹന രം​ഗത്തുളള കമ്പനിയുടെ ലക്ഷ്യങ്ങളെപ്പറ്റി ടാറ്റ മോട്ടോഴ്‌സ് ചെയർമാൻ എൻ ചന്ദ്രശേഖരൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 2021 സാമ്പത്തിക വർഷത്തിൽ 5,000 ഇവികളും 22-ൽ 19,500 ഇവികളും 77-ാമത് എജിഎമ്മിൽ കമ്പനി വിറ്റതായി അദ്ദേഹം പറഞ്ഞു. 2024-ഓടെ 50,000 ഇലക്ട്രിക് വാഹനങ്ങൾ വിൽക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. 2022 ഏപ്രിലിനും നവംബറിനുമിടയിൽ മാത്രം 24,000-ലധികം ഇവികൾ വിറ്റഴിച്ചു.

2008-ല്‍ പുറത്തിറങ്ങിയ നാനോ 10 വര്‍ഷങ്ങള്‍ക്കൊടുവില്‍ 2018-ലാണ് വില്‍പനയും നിര്‍മ്മാണവും അവസാനിപ്പിച്ചത്. ഫോഡ് പ്ലാന്റ് ഏറ്റെടുത്തതിനു പിന്നില്‍ ഇലക്ട്രിക് നാനോയാണ് ടാറ്റ ലക്ഷ്യമിടുന്നതെന്ന് സൂചന ഉണ്ടായിരുന്നു. പരിസ്ഥിതി സൗഹാര്‍ദ നാനോ വിപണിയിലെത്തിയാല്‍ സാധാരണക്കാരുടെ നിര്‍മ്മാതാക്കള്‍ എന്ന നിലയില്‍ പുതിയൊരു നാഴികക്കല്ല് സ്വന്തമാക്കാനും ടാറ്റയ്‌ക്ക് കഴിയും.

Share
Leave a Comment