ദുബായ് : വിമാനത്തിനുള്ളിൽ പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് മുടങ്ങി. ദുബായിൽ നിന്ന് കോഴിക്കോടേക്കുള്ള സർവീസാണ് മുടങ്ങിയത്. പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് വിമാനത്തിൽ നിന്ന് യാത്രക്കാരെ പുറത്തിറക്കിയെങ്കിലും ഇവർക്ക് ലക്ഷ്യസ്ഥാനത്തെത്താനുള്ള മറ്റ് സംവിധാനങ്ങളൊന്നും ഒരുക്കിയില്ല എന്ന് യാത്രക്കാർ പരാതിപ്പെട്ടു.
ഇന്ന് പുലർച്ചെ 2.20 ന് ദുബായിൽ നിന്ന് പുറപ്പെടേണ്ട വിമാനത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. യാത്രക്കാർ വിമാനത്തിലേക്ക് കയറിക്കൊണ്ടിരിക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. ഇതോടെ യാത്രക്കാരെയെല്ലാം തിരിച്ചിറക്കുകയായിരുന്നു. ഇവരെ മറ്റൊരു ഹോട്ടലിലേക്ക് മാറ്റിയെങ്കിലും സന്ദർശക വിസയിൽ ദുബായിലെത്തിയവർ വിമാനത്താവളത്തിൽ തന്നെ തുടരുകയാണ്.
വിമാനത്തിൽ എങ്ങനെയാണ് പാമ്പ് വന്നത് എന്ന് വ്യക്തമല്ല. അതേസമയം യാത്രക്കാർക്ക് നാട്ടിലേക്കെത്താൻ മറ്റ് സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തില്ല എന്ന പരാതികളും ഉയരുന്നുണ്ട്.
Comments