ജയ്പൂർ : ഏഴ് വർഷം മുൻപ് ”മരിച്ച യുവതിയെ” ജീവനോടെ പിടികൂടി പോലീസ്. ഇവരെ ”കൊലപ്പെടുത്തിയ” കേസിൽ ഭർത്താവ് ഉൾപ്പെടെ രണ്ട് പേരാണ് തടവ് ശിക്ഷ അനുഭവിച്ചത്. യുവതി എവിടെയാണ് ഇവരാണ് മെഹന്ദിപൂർ പോലീസിന് സൂചന നൽകിയത്.
2015 ൽ ആരതി എന്ന യുവതിയെ താൻ വിവാഹം ചെയ്തിരുന്നുവെന്ന് കൊലപാത കേസിൽ ശിക്ഷ അനുഭവിച്ച സോനു പറഞ്ഞു. വിവാഹത്തിന് ശേഷം ഭൂമിയും പണവും തന്റെ പേരിലേക്ക് മാറ്റണമെന്ന് ആരതി ആവശ്യപ്പെട്ടു. അതിന് സാധിക്കില്ലെന്ന് പറഞ്ഞതോടെ എട്ട് ദിവസങ്ങൾക്ക് ശേഷം യുവതി വീടുവിട്ടിറങ്ങി. പോലീസിൽ പരാതി നൽകിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല.
ദിവസങ്ങൾക്ക് ശേഷം മഥുരയിലെ മഗോഗ കനാലിൽ നിന്ന് ഒരു യുവതിയുടെ മൃതദേഹം കണ്ടെടുത്തു. പോസ്റ്റ് മോർട്ടത്തിന് ശേഷം പോലീസ് തന്നെ സംസ്കാരവും നടത്തി.
ആറ് മാസങ്ങൾക്ക് ശേഷമാണ് ആരതിയുടെ പിതാവ് സൂരജ് പ്രസാദ് ഗുപ്ത പോലീസിൽ പരാതിയുമായെത്തുന്നത്. തന്റെ മകളെ കാണാനില്ലെന്ന പരാതിയുമായാണ് പിതാവ് പോലീസിനെ സമീപിച്ചത്. തുടർന്ന് പോലീസ് അജ്ഞാത മൃതദേഹത്തിൽ നിന്ന് ലഭിച്ച വസ്ത്രവും മറ്റ് തെളിവുകളും കാണിച്ചപ്പോൾ ഇത് തന്റെ മകളുടേതാണെന്ന് ഗുപ്ത തിരിച്ചറിഞ്ഞു.
മകളെ വിവാഹം കഴിച്ച സോനു സൈനിയും കൂട്ടാളി ഗോപാൽ സൈനിയും ചേർന്ന് ആരതിയെ കൊലപ്പെടുത്തിയെന്ന് ഗുപ്ത ആരോപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാൽ ഏഴ് വർഷങ്ങൾക്ക് ശേഷം യുവതി തിരിച്ചെത്തിയതോടെ പ്രതികളുടെ നിരപരാധിത്വം തെളിഞ്ഞിരിക്കുകയാണ്.
എന്നാൽ യുവതി ഇത്രയും നാൾ എവിടെയായിരുന്നു എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Comments