ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ജയ് ശ്രീരാം മുഴക്കിയ വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ മിഷണറി സ്‌കൂളിനെതിരെ രണ്ടാം ദിവസവും പ്രതിഷേധം തുടരുന്നു. ഇതേ തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ചൊവ്വാഴ്ച സ്‌കൂളിൽ എത്തി അന്വേഷണം നടത്തി. സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്.
നേരത്തെ തന്നെ ജയ് ശ്രീരാം വിളിയ്‌ക്ക് സ്‌കൂളിൽ നിരോധനമുണ്ടെന്ന് കാട്ടിയുള്ള പരാതി ബാലാവകാശ കമ്മീഷന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടികളെ സസ്‌പെൻഡ് ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നത്. ഇതേ തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ സ്‌കൂളിൽ എത്തി അന്വേഷണം നടത്തുമെന്നും കമ്മീഷൻ വ്യക്തമാക്കി.
സാഗർ ജില്ലയിലെ സെന്റ്. ജോസഫ് സ്‌കൂളാണ് ജയ് ശ്രീരാം മുഴക്കിയതിനെ തുടർന്ന് വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം. ഉച്ച ഭക്ഷണ സമയത്ത് ആയിരുന്നു വിദ്യാർത്ഥികൾ ജയ് ശ്രീരാം മുഴക്കിയത്. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട അദ്ധ്യാപകർ പ്രിൻസിപ്പാളിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടികളെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ച കുട്ടികളെ അച്ചടക്ക നടപടിയുടെ ഭാഗമായി മൂന്ന് ദിവസത്തേക്ക് സസ്‌പെൻഡും ചെയ്തു. ഇതോടെയാണ് സ്‌കൂൾ മാനേജ്‌മെന്റിനെതിരെ ശക്തമായ പ്രതിഷേധം ആരംഭിച്ചത്.
രണ്ടാം ദിവസവും സ്‌കൂളിൽ എബിവിപി പ്രവർത്തകരുടെ ശക്തമായ പ്രതിഷേധം തുടരുകയാണ്. കുട്ടികളെ സസ്‌പെൻഡ് ചെയ്ത പ്രിൻസിപ്പാളിനെ പിരിച്ചു വിടണമെന്നാണ് എബിവിപിയുടെ ആവശ്യം. സംഭവത്തിൽ ഹിന്ദു സംഘടനകളും മാനേജ്‌മെന്റിനോട് അതൃപ്തി അറിയിച്ചിട്ടുണ്ട്.
അതേസമയം ജയ് ശ്രീരാം മുഴക്കിയതിനല്ല വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തതെന്നാണ് പ്രിൻസിപ്പാൾ മോളി തോമസ് നൽകുന്ന വിശദീകരണം. കുട്ടികൾ അച്ചടക്കമില്ലാതെ പെരുമാറിയെന്നും പ്രിൻസിപ്പാൾ വ്യക്തമാക്കി.
Comments