ഹൈദരാബാദ്: ജീവിക്കുന്നത് ‘ഒരു’ വീട്ടിൽ, പക്ഷെ വസ്തു നികുതി കൊടുക്കേണ്ടി വരുന്ന രണ്ട് സംസ്ഥാനങ്ങൾക്ക്.. രണ്ട് ജില്ലകൾ പങ്കിടുന്ന വീടുകളെക്കുറിച്ച് നാം കേട്ടിരിക്കും. സമാനമായി രണ്ട് സംസ്ഥാനങ്ങളാണ് ഇവിടെ ഒരു വീടിനെ പങ്കിടുന്നത്. അത്താഴം കഴിക്കുന്നത് ഒരു സംസ്ഥാനത്തും കിടന്നുറങ്ങുന്നത് വേറെ സംസ്ഥാനത്തുമാണെന്ന് പറയേണ്ടി വരുന്ന വീട്ടുകാരുടെ കാര്യമാണിത്.
13 പേരടങ്ങുന്ന പവാർ എന്ന കുടുംബത്തിന്റെ അവസ്ഥയാണിത്. വീട്ടിലെ നാല് മുറികൾ മഹാരാഷ്‌ട്രയിലും ശേഷിക്കുന്ന നാലെണ്ണം തെലങ്കാനയിലുമാണ്. സംസ്ഥാന അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ വീട് ഛന്ദ്രാപൂർ ജില്ലയിലെ സിമാവർത്തി ജിവാതി തെഹസിലിന് കീഴെയാണ് വരുന്നത്. മഹാരാജഗുഡ എന്ന ഗ്രാമത്തിലാണ് വീടുള്ളതെന്ന് പവാർ വീടിന്റെ ഉടമ ഉത്തം പവാർ പറയുന്നു.
വീട് രണ്ട് സംസ്ഥാനങ്ങളിലായി കിടക്കുന്നതിനാൽ വസ്തു നികുതി രണ്ട് സംസ്ഥാനങ്ങൾക്കും നൽകുന്നുണ്ടെന്നതാണ് പ്രത്യേകത. ഇത്തരത്തിൽ രണ്ടിടത്തുമായി കിടക്കുന്നതിനാൽ ചില ഗുണങ്ങളും ഈ വീട്ടുകാർക്കുണ്ട്. രണ്ട് സംസ്ഥാനത്തും പ്രഖ്യാപിക്കുന്ന പദ്ധതികളുടെയും ഗുണം ഇവർക്ക് ലഭിക്കുന്നു. വാഹനങ്ങൾക്ക് TS, MH എന്നിവയിൽ ഇഷ്ടമുള്ള രജിസ്ട്രേഷൻ തിരഞ്ഞെടുക്കാം.
തന്റെ സഹോദരന്മാരുടെ മുറികൾ തെലങ്കാനയിലും തന്റെ മുറി മഹാരാഷ്‌ട്രയിലുമാണെന്ന് വീട്ടുടമയായ ഉത്തം പവാർ പറയുന്നു. വീട്ടിലെ അടുക്കള കിടക്കുന്നത് തെലങ്കാനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുകൊണ്ട് മറ്റ് പ്രശ്‌നങ്ങളൊന്നും ഇതുവരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലെന്നാണ് പവാർ പറയുന്നത്.
















Comments