ന്യൂഡൽഹി: വിദ്യാർത്ഥിനിയെ പ്രണയത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചതിനെ സ്കൂൾ പ്രിൻസിപ്പലിനെ യുവാവ് കുത്തിക്കൊന്നു. പെൺകുട്ടിയുടെ കാമുകനാണ് കൊലപാതകം നടത്തിയത്. പ്രിൻസിപ്പലിന്റെ ഇടപെടൽ പ്രണയനഷ്ടമുണ്ടാക്കുമോ എന്ന ആശങ്കയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
ബിലാസ്പൂരിലായിരുന്നു സംഭവം. 52 വയസ്സുകാരനായ പ്രദീപ് ശ്രീവാസ്വത് ആണ് കൊല്ലപ്പെട്ടത്. പച്പേദി സർക്കാർ സ്കൂളിലെ പ്രിൻസിപ്പലായിരുന്നു അദ്ദേഹം. രാത്രിയിൽ അസ്വാഭാവിക ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങി നോക്കിയ പ്രദീപിന്റെ ഭാര്യ അനിതയായിരുന്നു കൊലപാതകം കണ്ടത്.
തലയിൽ മുറിവേറ്റ് രക്തത്തിൽ കുളിച്ച നിലയിലാണ് ഭാര്യ പ്രദീപിനെ കണ്ടെത്തിയത്. ഇതോടെ ഇവർ ബഹളം വെച്ച് ആളെക്കൂട്ടി. തുടർന്ന് അദ്ദേഹത്തെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ ഉപേന്ദ്ര കൗശികിനെ പോലീസ് പിടികൂടിയത്. ഇയാൾ കുറ്റം സമ്മതിച്ചു. തന്റെ കാമുകി പഠിച്ചിരുന്ന സ്കൂളിലെ പ്രിൻസിപ്പലായിരുന്നു കൊല്ലപ്പെട്ട പ്രദീപ്. അദ്ദേഹം പെൺകുട്ടിയെ പ്രണയ ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും പഠിക്കാൻ ഉപദേശിക്കുകയും ചെയ്യുമായിരുന്നു. ആ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികളെ കാണാൻ സ്കൂൾ പരിസരത്ത് പോകുന്നതിൽ നിന്നും താൻ അടക്കമുള്ള യുവാക്കളെ പ്രിൻസിപ്പൽ തടഞ്ഞിരുന്നു. ഇതിലുള്ള വൈരാഗ്യം നിമിത്തമാണ് പ്രദീപിനെ കൊലപ്പെടുത്തിയതെന്ന് കൗശിക് പോലീസിനോട് പറഞ്ഞു.
Comments